ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: സെപ്റ്റംബർ 20

1519 സെപ്റ്റംബർ 20 നാണ് പോർച്ചുഗീസ് പര്യവേക്ഷകനായ ഫെർഡിനാൻഡ് മഗല്ലനും സംഘവും സ്‌പെയിനിൽ നിന്ന് അഞ്ച് കപ്പലുകളിൽ സ്‌പൈസ് ദ്വീപുകളിലേക്കുള്ള ഒരു പടിഞ്ഞാറൻ പാത കണ്ടെത്താൻ പുറപ്പെട്ടത്. ഏകദേശം 270 പുരുഷന്മാർ കപ്പലുകളിലുണ്ടായിരുന്നു. അത് ഭൂമിയെ ചുറ്റിസഞ്ചരിക്കുന്നതിനുള്ള ആദ്യത്തെ ഉദ്യമമായിരുന്നു. അദ്ദേഹത്തിന്റെ കപ്പലുകൾ ലോകം ചുറ്റിയെങ്കിലും യാത്രയ്ക്കിടെ മഗല്ലൻ കൊല്ലപ്പെട്ടിരുന്നു.

പ്രമുഖ ബ്രിട്ടീഷ് സോഷ്യലിസ്റ്റ്, തിയോസഫിസ്റ്റ്, ഫ്രീമേസൺ, ഇന്ത്യൻ, ഐറിഷ് സ്വയംഭരണത്തിന്റെ പിന്തുണക്കാരി എന്നീ നിലകളിൽ അറിയപ്പെട്ട ആനി ബസന്റ് അന്തരിച്ചത് 1933 സെപ്റ്റംബർ 20 നായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും വിവിധ സാമൂഹിക, രാഷ്ട്രീയ, ആത്മീയപ്രസ്ഥാനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ബഹുമുഖ വ്യക്തിത്വമായിരുന്നു അവർ. ആനി ബസന്റ് മരണംവരെ വിവിധ സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളിൽ സജീവമായി ഇടപെട്ടു. 1933 സെപ്റ്റംബർ 20 ന് ഇന്ത്യയിലെ അഡയാറിൽ വച്ച് അവർ അന്തരിച്ചു.

2001 സെപ്റ്റംബർ 20 ന് യുഎസ് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് ആഗോളതലത്തിൽ ‘ഭീകരതയ്‌ക്കെതിരായ യുദ്ധം’ പ്രഖ്യാപിച്ചു. “ഭീകരതയ്‌ക്കെതിരായ നമ്മുടെ യുദ്ധം അൽഖ്വയ്ദയിൽ നിന്നാണ് ആരംഭിക്കുന്നത്. പക്ഷേ അത് അവിടെ അവസാനിക്കുന്നില്ല. ലോകമെമ്പാടുമുള്ള എല്ലാ തീവ്രവാദ ഗ്രൂപ്പുകളെയും കണ്ടെത്തി, പരാജയപ്പെടുത്തുന്നതുവരെ അത് അവസാനിക്കില്ല” – 2001 സെപ്റ്റംബർ 20 ന്, കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്നതിനിടെ ജോർജ് ബുഷ് പറഞ്ഞു. സെപ്റ്റംബർ 11 ന് വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്നായിരുന്നു ഈ ഒരു തീരുമാനം.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.