കത്തോലിക്കാ, ജൂത വിഭാഗങ്ങളിൽ നിന്നുള്ള പ്രധാനമന്ത്രിമാർക്കുള്ള ചരിത്രപരമായ വിലക്കുകൾ നീക്കാൻ യുകെയിൽ ബിൽ

യുകെ പ്രധാനമന്ത്രിസ്ഥാനത്ത് എത്തുന്ന കത്തോലിക്കാ, ജൂത മതവിഭാഗങ്ങളിൽ പെട്ട വ്യക്തികൾക്ക് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിന് നിലനിൽക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള വിലക്കുകളും നിയന്ത്രണങ്ങളും ഒഴിവാക്കാൻ യുകെ സർക്കാർ പാർലമെന്റിൽ പുതിയ നിയമനിർമ്മാണത്തിന് തുടക്കമിട്ടു. ‘ചർച്ച് അപ്പോയിന്റ്മെന്റ്സ് (റിപ്പീൽ ഓഫ് ഡിസ്ക്രിമിനേറ്ററി പ്രൊവിഷൻ) ബിൽ’ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ പുതിയ നിയമം വഴി യുകെ ഭരണഘടനയിലെ വിവേചനപരമായ വ്യവസ്ഥകൾ റദ്ദാക്കപ്പെടും.

യുകെയിലെ ഭരണഘടനാപരമായ രീതികൾ അനുസരിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഉയർന്ന തസ്തികകളിലേക്കുള്ള നിയമനങ്ങളിൽ രാജാവിനോ അല്ലെങ്കിൽ രാജ്ഞിക്കോ നിർദേശങ്ങളും ഉപദേശങ്ങളും നൽകേണ്ടത് പ്രധാനമന്ത്രിയാണ്. എന്നാൽ, 18, 19 നൂറ്റാണ്ടുകളിൽ നടപ്പിലാക്കിയ പഴയ നിയമങ്ങൾ അനുസരിച്ച് കത്തോലിക്കാ, ജൂത വിശ്വാസികളായ പ്രധാനമന്ത്രിമാർക്ക് ഈ അധികാരം ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു. ഇതിനാണ് പുതിയ ബില്ലിലൂടെ പരിഹാരമാകുന്നത്.

പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലുമായി പൊതുജീവിതത്തിൽ കത്തോലിക്കർക്കും ജൂതന്മാർക്കും ഉണ്ടായിരുന്ന പല നിയന്ത്രണങ്ങളും മാറ്റിയെങ്കിലും സഭാ നിയമനങ്ങളിൽ ഉപദേശം നൽകുന്നതിലുള്ള വിലക്ക് നീക്കിയിരുന്നില്ല. മുൻപ് യു.കെയിൽ കത്തോലിക്കാ അല്ലെങ്കിൽ ജൂത വിഭാഗത്തിൽപ്പെട്ട പ്രധാനമന്ത്രിമാർ ഇല്ലാതിരുന്നതിനാൽ ഈ നിയമം വലിയ പ്രായോഗിക തടസ്സമായി ഉയർന്നുവന്നിരുന്നില്ല. എന്നാൽ, സഭാ നിയമനങ്ങളെക്കുറിച്ചുള്ള ഉപദേശങ്ങൾ നൽകുന്നതിൽ നിന്നും ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ വിലക്കുന്നത് കാലഹരണപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇത് ഭേദഗതി ചെയ്യുന്നത്.

ഏതൊരു വ്യക്തിക്കും അവരുടെ മതവിശ്വാസം പരിഗണിക്കാതെ തന്നെ പ്രധാനമന്ത്രി പദവിയിലെ എല്ലാ ഉത്തരവാദിത്തങ്ങളും പൂർണ്ണമായി നിർവഹിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ഈ പുതിയ നിയമനിർമ്മാണത്തിന്റെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.