ബിഷപ്പുമാരെ അധിക്ഷേപിച്ച് നിക്കരാഗ്വൻ ഏകാധിപതി

നിക്കരാഗ്വൻ സ്വേച്ഛാധിപതി ഡാനിയേൽ ഒർട്ടേഗ വീണ്ടും കത്തോലിക്കാ സഭയെ അപമാനിക്കുകയും ബിഷപ്പുമാരെ ‘രാക്ഷസന്മാർ’ എന്ന് വിളിക്കുകയും ചെയ്തു. ഏപ്രിൽ 19-ന് ഒരു മണിക്കൂറും 20 മിനിറ്റും നീണ്ട പ്രസംഗത്തിനിടയിലാണ് ഒർട്ടേഗ, കത്തോലിക്കാ സഭയിലെ ബിഷപ്പുമാരെ അധിക്ഷേപിച്ചത്.

“മെത്രാന്മാർ അട്ടിമറികൾ നടത്തുന്നു. അവരുടെ മുഴുവൻ പേരും ഒപ്പും  ഉപയോഗിച്ചുകൊണ്ട് അട്ടിമറികൾ നടത്തുന്നു. ഒപ്പിടാത്ത ഒരു ബിഷപ്പ് പോലും ഉണ്ടായിരുന്നില്ല. അവരെല്ലാം ഒപ്പു വച്ചു; കൂടുതൽ മിതത്വം തോന്നിയവർ പോലും” – താൻ എന്താണ് പരാമർശിക്കുന്നതെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞില്ലെങ്കിലും, 2014-ൽ നിക്കരാഗ്വൻ ബിഷപ്പുമാർ തനിക്ക് അയച്ച 16 പേജുള്ള കത്തിനെക്കുറിച്ച്  ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. കത്തിൽ “വർഷങ്ങൾ കടന്നുപോകുന്നു; ആരും ശാശ്വതമല്ല” എന്ന് പുരോഹിതന്മാർ ഒർട്ടേഗയെ ഓർമ്മിപ്പിച്ചു. സ്വേച്ഛാധിപതി ആ സന്ദേശത്തെ ഒരു ‘അന്തിമ താക്കീതാ’യി കണക്കാക്കിയതു മുതലാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

“ആരാണ് സഭയ്ക്ക് ആ അധികാരം നൽകിയത്? അധികാരം മാറ്റാനും ഭരണം സ്ഥാപിക്കാനും മെത്രാന്മാർക്ക് ആരാണ് അധികാരം നൽകിയത്? വത്തിക്കാൻ ഇതിലെല്ലാം ബോധവാന്മാരാണ്. അതുകൊണ്ടാണ് അവർ ഇത് സമ്മതിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത്. കാരണം വത്തിക്കാനിലും സമ്മർദ്ദങ്ങൾ ഉണ്ട്” – ഒർട്ടേഗ വത്തിക്കാനെ കുറ്റപ്പെടുത്തിക്കൊണ്ടു പറഞ്ഞു.

സ്വേച്ഛാധിപതി സഭാധികൃതരെ ആക്രമിക്കുന്നത് ഇതാദ്യമായല്ല. 2021 സെപ്റ്റംബറിൽ ബിഷപ്പുമാരെ ‘ളോഹയ്ക്കുള്ളിലെ പിശാചുക്കൾ’ എന്ന് ആരോപിച്ചിരുന്നു. കൂടാതെ, ഇതുപോലെ നിരവധി അവസരങ്ങളിലും അദ്ദേഹം ബിഷപ്പുമാരെ അവഹേളിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.