
നിർധനരായ കാൻസർ രോഗികളുടെ ശുശ്രൂഷയ്ക്കായി ജീവിതം മാറ്റിവച്ച പ്രശസ്ത കാരുണ്യപ്രവർത്തകയും ‘ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഓഫ് ഹോത്തോൺ’ സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപകയുമായ മദർ റോസ് ഹോത്തോണിന്റെ (Rose Hawthorne) ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് ന്യൂയോർക്ക് നഗരം. മാൻഹട്ടനിലെ ഈസ്റ്റ് 68-ാം സ്ട്രീറ്റിലെ ഒരു ഭാഗം ഇനി മുതൽ ‘റോസ് ഹോത്തോൺ വേ’ (Rose Hawthorne Way) എന്ന പേരിൽ അറിയപ്പെടും.
മദർ റോസ് ഹോത്തോൺ, സൗജന്യമായി നിർധന കാൻസർ രോഗികളുടെ പരിചരണം തന്റെ സ്വന്തം വീട്ടിൽ തുടക്കം കുറിച്ചതിന്റെ 130-ാം വാർഷികവും, മദറിന്റെ മരണത്തിന്റെ ശതാബ്ദി വർഷവും പ്രമാണിച്ചാണ് ന്യൂയോർക്ക് സിറ്റി ഗവണ്മെന്റ് ഈ ആദരവ് നൽകിയത്. 1896 ഒക്ടോബർ ഒന്നിനാണ് റോസ് തന്റെ വസതിയിൽ ആദ്യത്തെ രോഗിയെ സ്വീകരിച്ച് പരിചരിക്കാൻ ആരംഭിച്ചത്. പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ നഥാനിയേൽ ഹോത്തോണിന്റെ മകളായ റോസ്, മാതാപിതാക്കളുടെ വിയോഗത്തിനും വ്യക്തിജീവിതത്തിലെ ദുരന്തങ്ങൾക്കും ശേഷം കത്തോലിക്കാ സഭയിൽ ചേരുകയും തുടർന്ന് പൂർണ്ണമായി കാരുണ്യപ്രവർത്തനങ്ങളിൽ മുഴുകുകയുമായിരുന്നു.
പുനർ നാമകരണ ചടങ്ങിൽ സംസാരിക്കവെ, റോസ് ഹോത്തോണിന്റെ ശുശ്രൂഷാ ദൗത്യത്തോടുള്ള നഗരത്തിന്റെ വലിയ അംഗീകാരമാണിതെന്ന് ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഓഫ് ഹോത്തോൺ സുപ്പീരിയർ ജനറൽ മദർ മേരി എഡ്വേർഡ് വ്യക്തമാക്കി. “രോഗികളും പാവപ്പെട്ടവരുമായ മനുഷ്യരോടുള്ള മദറിന്റെ സമർപ്പണത്തിനുള്ള ആദരവാണിത്. 130 വർഷങ്ങൾക്ക് മുൻപ് മദർ കൊളുത്തിയ കാരുണ്യത്തിന്റെ ദീപം ഇന്നും അവരുടെ അനുഗാമികളിലൂടെ തുടർന്നു കൊണ്ടിരിക്കുന്നു,” മദർ മേരി എഡ്വേർഡ് കൂട്ടിച്ചേർത്തു.
അഭയാർഥികൾക്കും നിരാശ്രയരായ കാൻസർ രോഗികൾക്കും ആശ്വാസമേകിയ റോസ് ഹോത്തോണിനെ 2024 മാർച്ച് മാസത്തിലാണ് കത്തോലിക്കാ സഭ ധന്യയായി (Venerable) പ്രഖ്യാപിച്ചത്. മദർ സന്ദർശിക്കുകയും നഴ്സിംഗ് പരിശീലനം നേടുകയും ചെയ്ത മെമ്മോറിയൽ സ്ളോൺ കെറ്ററിംഗ് കാൻസർ സെന്റർ നിലകൊള്ളുന്ന പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള പുതിയ നാമകരണ ഫലകം, വഴിപോക്കർക്കും ആരോഗ്യപ്രവർത്തകർക്കും എന്നും പ്രചോദനമായി നിലകൊള്ളും.




