
വടക്കുപടിഞ്ഞാറൻ സ്പെയിനിലെ പ്രശസ്തമായ സാന്റിയാഗോ (സെന്റ് ജെയിംസിന്റെ പാത) തീർഥാടനം വിജയകരമായി പൂർത്തിയാക്കി ന്യൂയോർക്ക് ആർച്ച്ബിഷപ്പ് റൊണാൾഡ് ഹിക്സ്. തീർഥാടനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം സാന്റിയാഗോ ഡെ കോംപോസ്റ്റേല കത്തീഡ്രലിൽ നടന്ന പ്രത്യേക ദിവ്യബലിക്ക് കാർമികത്വം വഹിച്ചു.
“എന്തിനോടൊപ്പമാണ് നിങ്ങൾ നടന്നത്?” എന്ന ആദ്യ ചോദ്യത്തിന്, തന്റെ ബാഗ്, ഊന്നുവടി, മറ്റ് സാധനങ്ങൾ എന്നിവയ്ക്ക് പുറമെ പ്രാർഥനകളും ചിന്തകളും സ്വന്തം പ്രശ്നങ്ങളും ചുമന്നാണ് താൻ ഈ വഴി നടന്നതെന്ന് അദ്ദേഹം സന്ദേശത്തിൽ വെളിപ്പെടുത്തി. യാത്രയിൽ തന്നോടൊപ്പമുണ്ടായിരുന്നവരെക്കുറിച്ച് സംസാരിക്കവെ, സ്വന്തം കൂട്ടാളികൾക്കൊപ്പം മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റ് തീർഥാടകർക്കൊപ്പവും നടക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ആർച്ച്ബിഷപ്പ് പങ്കുവച്ചു. 89 വയസ്സുള്ള ഒരു വയോധികയെയും 7 മാസം പ്രായമുള്ള കുഞ്ഞുമായി വന്ന ഒരു കുടുംബത്തെയും വഴിയിൽ കണ്ടുമുട്ടിയ കാര്യം അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. “നാമെല്ലാം ഒന്നിച്ചു നടന്നു എന്ന് പറയുന്നതിന്റെ മറ്റൊരു അർഥം, നാം തിരുസഭയോടൊപ്പം സഹോദരി സഹോദരന്മാരായി നടന്നു എന്നാണ്. കത്തോലിക്കാ സഭ എന്നാൽ എല്ലാവരും ചേർന്നതാണ്. നാം ഒന്നിച്ച് കൂടുമ്പോൾ യേശു നമ്മോടൊപ്പമുണ്ട്”- ബിഷപ്പ് കൂട്ടിച്ചേർത്തു.
യാത്രയിലുടനീളം യാക്കോബ് ശ്ലീഹായുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യാക്കോബ് ശ്ലീഹാ നമ്മുടെ ഭൂതകാല ചരിത്രത്തിന്റെ ഭാഗം മാത്രമല്ല, മറിച്ച് ഓരോ ചുവടിലും നമ്മോടൊപ്പം നടന്നുകൊണ്ട് ഇന്നും നമ്മോടൊപ്പമുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഒക്ടോബർ നാലിനാണ് ആർച്ച്ബിഷപ്പ് ഹിക്സ് സ്പെയിനിൽ എത്തിയത്. താൻ ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു ‘ആത്മീയ യാത്രയ്ക്ക്’ തുടക്കം കുറിക്കുകയാണെന്ന് അദ്ദേഹം തീർഥാടനത്തിന് മുൻപായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
“കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ ഈ യാത്ര പ്ലാൻ ചെയ്യുകയായിരുന്നു. എന്നാൽ ഇവിടെ എത്തിയത് മുതൽ ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു, ‘എനിക്ക് ഇതിന് സമയം കിട്ടുമോ? ഞാൻ ഒരുപാട് തിരക്കിലാണോ? ഇതൊന്ന് മാറ്റിവയ്ക്കണമോ?'” സ്പെയിനിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം വിശദീകരിച്ചു. എന്നാൽ പിന്നീട് ദൈവത്തിന്റെ സ്വരം ശ്രവിച്ചുകൊണ്ട് ഈ യാത്രയുമായി മുന്നോട്ട് പോകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.




