
ലാറ്റിൻ ഭാഷയിൽ, ‘എന്റെ അടുക്കലേക്ക് വരുവിൻ’ എന്ന് അർഥം വരുന്ന ‘വേനിത്തെ അദ് മേ’ (Venite ad Me) എന്ന പേരിൽ, വിശ്വാസ കൈമാറ്റത്തെക്കുറിച്ചുള്ള പുതിയ പ്രബോധന രേഖ വത്തിക്കാന്റെ വിശ്വാസ തിരുസംഘം ഒക്ടോബർ മധ്യത്തോടെ പ്രസിദ്ധീകരിക്കും. വത്തിക്കാൻ കാര്യാലയത്തിലെ ഉദ്യോഗസ്ഥൻ ഈ കാര്യം സ്ഥിരീകരിച്ചു.
“നമ്മുടെ സഹോദരീസഹോദരന്മാർക്ക് യേശുക്രിസ്തുവിലുള്ള വിശ്വാസം പകർന്നുനൽകുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകളെയും പുതിയ സാധ്യതകളെയും കുറിച്ച് ഓരോ രൂപതയിലും ആഴത്തിൽ ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വിവിധ വഴികളും സാധ്യതകളും ഈ രേഖ ചർച്ച ചെയ്യുന്നു,” അദ്ദേഹം വ്യക്തമാക്കി.
ഫ്രാൻസിസ് മാർപാപ്പ മുന്നോട്ടുവയ്ക്കുകയും ലെയോ പതിനാലാമൻ മാർപാപ്പ ഏറ്റെടുക്കുകയും ചെയ്ത നിർദേശത്തിന് മറുപടിയായാണ് കത്തോലിക്കാ സമൂഹത്തിനിടയിൽ ആരോഗ്യകരമായ ചർച്ചകൾക്കും ചിന്തകൾക്കും വഴിതെളിക്കുന്ന ഈ രേഖ തയ്യാറാക്കിയിരിക്കുന്നത്. “ലോകത്തിന്റെ പല ഭാഗങ്ങളിലും വിശ്വാസം അടുത്ത തലമുറയിലേക്ക് കൈമാറുന്നത് അതികഠിനമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നമ്മൾ ജീവിക്കുന്ന ഈ ആധുനിക ലോകത്ത് അത് എങ്ങനെ വിജയകരമായി നിർവഹിക്കാം എന്നതാണ് ഈ രേഖ പരിശോധിക്കുന്നത്,” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഈ പ്രബോധന രേഖയുടെ രൂപീകരണത്തിനായി ലോകമെമ്പാടുമുള്ള ബിഷപ്പ് കോൺഫറൻസുകളുമായി വത്തിക്കാൻ ആലോചനകൾ നടത്തിയിരുന്നു. ഇതിൽ 70 ശതമാനത്തോളം ബിഷപ്പ് കോൺഫറൻസുകൾ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.




