
ഒരു ആയുസ്സ് മുഴുവൻ മറ്റുള്ളവരുടെ വസ്ത്രങ്ങൾ കഴുകി വെളുപ്പിച്ച കൈകൾ കൊണ്ട് ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയിലേക്ക് വെളിച്ചം വീശിയ സാധാരണക്കാരിയായ ഒരു സ്ത്രീയുടെ പ്രചോദനാത്മകമായ ജീവിതമാണ് ഇത്.മിസിസിപ്പിയിലെ ഹാറ്റീസ്ബർഗിലെ ആ ചെറിയ വീടിന്റെ പിന്നാമ്പുറത്ത് കത്തുന്ന വെയിലിൽ ഉണങ്ങുന്ന വസ്ത്രങ്ങൾക്കിടയിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു – ഒസിയോല മെക്കാട്ടി (Oseola McCarty).
ആഴ്ചയിൽ അഞ്ചു ദിവസവും പുലർച്ചെ മുതൽ അന്തിമയങ്ങും വരെ മറ്റുള്ളവരുടെ വസ്ത്രങ്ങൾ കഴുകിയും ഇസ്തിരിയിട്ടുമാണ് അവർ ജീവിച്ചത്. കൈകൾ കോച്ചിവലിക്കുന്ന തണുപ്പിലും പൊള്ളുന്ന ചൂടിലും അവർ ജോലി ചെയ്തു. എന്നാൽ, ഒടുവിൽ അവർ ലോകത്തെ അമ്പരപ്പിച്ചത് ആരും പ്രതീക്ഷിക്കാത്ത ഒരു തീരുമാനത്തിലൂടെയായിരുന്നു.
ചെറുപ്പത്തിലേ നിന്നുപോയ വിദ്യാഭ്യാസം
1908 – ൽ ജനിച്ച ഒസിയോലയ്ക്ക് വിദ്യഭ്യാസം നേടാൻ വലിയ ആഗ്രഹമായിരുന്നു. എന്നാൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ രോഗബാധിതയായ തന്റെ ചെറിയമ്മയെ നോക്കാനായി അവർക്ക് സ്കൂൾ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് ഒരിക്കലും ആ ക്ലാസ് മുറിയിലേക്ക് തിരികെ പോകാൻ ഒസിയോലയ്ക്ക് സാധിച്ചില്ല.
പഠനം മുടങ്ങിയെങ്കിലും പക്ഷേ, അധ്വാനിക്കാൻ അവർ മടിച്ചില്ല. അടുത്തുള്ള വീടുകളിൽ നിന്ന് വസ്ത്രങ്ങൾ ശേഖരിച്ച്, സ്വന്തം കൈകൾ കൊണ്ട് അലക്കി, ഉണക്കി, ഇസ്തിരിയിട്ടു നൽകുന്ന ജോലി അവർ ആരംഭിച്ചു. ഏകദേശം 75 വർഷത്തോളം അവർ ഈ ജോലി തുടർന്നു.
കഠിനാധ്വാനത്തിലൂടെ തനിക്ക് ലഭിക്കുന്ന ഓരോ ചെറിയ തുകയും കൃത്യമായി ബാങ്കിൽ നിക്ഷേപിച്ചു. അനാവശ്യമായ ഒരു ചെലവും അവർ നടത്തിയില്ല. വളരെ ലളിതമായ ഒരു ജീവിതമായിരുന്നു അവരുടേത്.
”എനിക്ക് വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ല, എന്നാൽ എന്നെപ്പോലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം മുടങ്ങുന്ന മറ്റു കുട്ടികൾക്ക് അത് ലഭിക്കണം,” അവർ പറഞ്ഞു.
ലോകത്തെ ഞെട്ടിച്ച ആ ധനസഹായം
1995 -ൽ തന്റെ 87-ആം വയസ്സിൽ ജോലിയിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചപ്പോഴാണ് ബാങ്ക് അധികൃതർ പോലും ആ സത്യം തിരിച്ചറിയുന്നത്. വർഷങ്ങളോളം തുണിയലക്കി അവർ മിച്ചം വച്ച തുക 2,80,000 ഡോളറായിരുന്നു.
അത്രയും വലിയൊരു തുക കണ്ടപ്പോൾ അതിൽ ഏറിയ പങ്കും തന്റെ ഭാവി ആവശ്യങ്ങൾക്കോ ആഡംബരങ്ങൾക്കോ ഉപയോഗിക്കുന്നതിന് പകരം മിസിസിപ്പി സർവകലാശാലയിലെ പാവപ്പെട്ട വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകാനായി മാറ്റിവയ്ക്കാൻ അവർ തീരുമാനിച്ചു. തന്റെ സമ്പാദ്യത്തിൽ നിന്ന് 1,50,000 ഡോളർ അവർ സർവകലാശാലയ്ക്ക് സംഭാവന നൽകി.
ഒരു അലക്കുതൊഴിലാളി തന്റെ ജീവിതസമ്പാദ്യം മുഴുവൻ വിദ്യാഭ്യാസത്തിനായി ദാനം ചെയ്തു എന്ന വാർത്ത ലോകമമ്പാടും കാട്ടുതീ പോലെ പടർന്നു.
വിതച്ച വിത്ത് കൊയ്ത മഹാഫലം
ഒസിയോലയുടെ ഈ വലിയ മനസ്സ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിച്ചു. അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ ‘പ്രസിഡൻഷ്യൽ സിറ്റിസൺസ് മെഡൽ’ നൽകി അവരെ ആദരിച്ചു.
അവരുടെ പ്രവർത്തിയിൽ പ്രചോദിതരായി ആയിരക്കണക്കിന് ആളുകൾ ഒസിയോലയുടെ പേരിലുള്ള സ്കോളർഷിപ്പ് ഫണ്ടിലേക്ക് പണം സംഭാവന ചെയ്യാൻ മുന്നോട്ടുവന്നു.
മായാത്ത ഓർമ്മകൾ
1999 -ൽ തന്റെ 91 -ആം വയസ്സിൽ ഒസിയോല മെക്കാട്ടി ഈ ലോകത്തോട് വിടപറഞ്ഞു. എങ്കിലും ഒരു ആയുസ്സ് മുഴുവൻ മറ്റുള്ളവരുടെ വസ്ത്രങ്ങളിലെ ചെളി കഴുകിക്കളഞ്ഞ ആ കൈകൾ നിർമ്മിച്ചെടുത്ത നിധി ദശാബ്ദങ്ങൾക്കിപ്പുറവും നൂറുകണക്കിന് യുവതീയുവാക്കളുടെ ജീവിതത്തിന് വെളിച്ചമേകിക്കൊണ്ട് ഇന്നും ജീവിക്കുന്നു.
സമ്പത്തിന്റെ വലിപ്പമല്ല, കൊടുക്കാനുള്ള മനസ്സിന്റെ വലിപ്പമാണ് ഒരാളെ മഹാനാക്കുന്നത് എന്ന് തന്റെ ലളിതമായ ജീവിതത്തിലൂടെ ഒസിയോല മെക്കാട്ടി ലോകത്തിന് കാണിച്ചുതന്നു.
സീനിയ എൽസ ഇഗ്‌നേഷ്യസ്



