ചിരിക്കാം; നന്മകൾ പകരാം

ഒരു വ്യക്തിയുടെ സൗന്ദര്യവും വ്യക്തിത്വവും വർധിപ്പിക്കുന്ന ഏറ്റവും മനോഹരമായ ഗുണങ്ങളിൽ ഒന്നാണ് ഒരു കൊച്ചു പുഞ്ചിരി. ചിരി വെറുമൊരു മുഖഭാവമല്ല, മറിച്ച് അത് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കുന്ന ഒന്നാണ്. നമ്മൾ മനഃപൂർവം ചിരിക്കുകയാണെങ്കിൽ പോലും, അത് തലച്ചോറിൽ സന്തോഷമുണ്ടാക്കുന്ന രാസമാറ്റങ്ങൾ സൃഷ്ടിക്കുകയും സമ്മർദം കുറയ്ക്കുകയും ചെയ്യും. ദിവസവും പുഞ്ചിരിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ആയുസ്സ് കൂട്ടുന്നു

എപ്പോഴും സന്തോഷത്തോടെയും ചിരിയോടെയും ഇരിക്കുന്നത് രോഗങ്ങളെ അകറ്റി കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കും.

2. മനസ്സിന്റെ ഭാരം കുറയ്ക്കുന്നു

എത്ര വലിയ ടെൻഷനിലും തളർച്ചയിലും വെറുതെ ഒന്ന് പുഞ്ചിരിച്ചാൽ മുഖത്തെ ക്ഷീണം മാറി മനസ്സിന് വലിയൊരു ആശ്വാസം ലഭിക്കും.

3. മനസ്സിന് ഉന്മേഷം തരുന്നു

ചിരിക്കുമ്പോൾ തലച്ചോറിൽ സന്തോഷം നൽകുന്ന നല്ല രാസവസ്തുക്കൾ ഉണ്ടാകുന്നു. ഇത് മനസ്സിനെ എപ്പോഴും ഉന്മേഷത്തോടെയും സന്തോഷത്തോടെയും നിലനിർത്തും.

4. സ്നേഹം പടർത്തുന്നു

പുഞ്ചിരി ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പടരുന്ന ഒന്നാണ്. നമ്മൾ ഒരാളെ നോക്കി സ്നേഹത്തോടെ പുഞ്ചിരിക്കുമ്പോൾ, അറിയാതെ അവരുടെ മുഖത്തും ആ പുഞ്ചിരി വിരിയുന്നു. ആ ചെറിയൊരു ചിരി രണ്ടുപേരുടെയും മനസ്സിന് ഒരേപോലെ സന്തോഷവും ആശ്വാസവും പകർന്നുനൽകും.

5. രക്തസമ്മർദം കുറയ്ക്കുന്നു

മനസ്സുതുറന്ന് പുഞ്ചിരിക്കുമ്പോൾ നമ്മുടെ മനസ്സും ശരീരവും ഒരുപോലെ ശാന്തമാകുന്നു. ഈ ശാന്തത ഹൃദയമിടിപ്പും രക്തയോട്ടവും സ്വാഭാവിക നിലയിലാക്കാനും രക്തസമ്മർദം (BP) നിയന്ത്രിച്ചു നിർത്താനും ഏറെ സഹായിക്കും.

6. രോഗപ്രതിരോധ ശേഷി കൂട്ടുന്നു

സന്തോഷമുള്ള മനസ്സാണ് ആരോഗ്യമുള്ള ശരീരത്തിന്റെ അടിത്തറ. നമ്മൾ ചിരിക്കുമ്പോൾ മനസ്സ് ശാന്തമാകുകയും ശരീരത്തിന് രോഗങ്ങളെ ചെറുത്തുതോൽപ്പിക്കാനുള്ള സ്വാഭാവികമായ പ്രതിരോധശേഷി താനേ വർധിക്കുകയും ചെയ്യും.

7. വേദനകൾക്ക് ആശ്വാസം നൽകുന്നു

മനസ്സുതുറന്നുള്ള ഒരു പുഞ്ചിരി ശരീരത്തിന്റെ സ്വാഭാവിക വേദനസംഹാരിയാണ്. ചിരിക്കുമ്പോൾ തലച്ചോറിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന നല്ല ഹോർമോണുകൾ ഒരു ഔഷധം പോലെ പ്രവർത്തിച്ച്, മനസ്സിന്റെ സങ്കടങ്ങൾക്കും ശരീരത്തിന്റെ വേദനകൾക്കും ഒരുപോലെ ആശ്വാസമേകും.

8. സൗന്ദര്യവും ആകർഷകത്വവും

ചിരിക്കുന്ന മുഖം കാണാൻ എപ്പോഴും ഒരു പ്രത്യേക ഭംഗിയാണ്. ആത്മാർഥമായ ഒരു പുഞ്ചിരി നമ്മെ കൂടുതൽ ഭംഗിയുള്ളവരാക്കുക മാത്രമല്ല, നമ്മെ കാണുന്നവരുടെ മനസ്സിൽ സന്തോഷം നിറയ്ക്കാനും സഹായിക്കും.

9. ആത്മവിശ്വാസം വളർത്തുന്നു

ആളുകളോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് നമ്മളിൽ കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കുകയും ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാൻ സഹായിക്കുകയും ചെയ്യും.

10. നല്ല ചിന്തകൾ തരുന്നു

പുഞ്ചിരിച്ചുനിൽക്കുമ്പോൾ നെഗറ്റീവായി ചിന്തിക്കാൻ കഴിയില്ല. എപ്പോഴും നല്ല കാര്യങ്ങൾ മാത്രം ചിന്തിക്കാൻ പുഞ്ചിരി നമ്മളെ സഹായിക്കും. പണം കൊടുത്തു വാങ്ങാൻ കഴിയാത്ത വലിയൊരു ഔഷധമാണ് ഒരു ചെറിയ പുഞ്ചിരി. അത് നമ്മുടെ സ്വന്തം ആരോഗ്യത്തിന് മാത്രമല്ല, നമ്മളെ കാണുന്ന മറ്റുള്ളവരുടെ മനസ്സിനും സന്തോഷം നൽകുന്നു. അതുകൊണ്ട് എല്ലാ വിഷമങ്ങളും മാറ്റിവച്ച്, എപ്പോഴും പുഞ്ചിരിയോടെ മുൻപോട്ടു പോകാം.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.