പ്രതീക്ഷയുടെ സന്ദേശമായി മാർപാപ്പയുടെ ആശീർവാദം: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയുടെ അമ്മയുടെ വാക്കുകൾ

ഒന്നിലധികം ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന 10 വയസ്സുകാരി മേരി-ഗാരൻസ് നോയലിന് ഫ്രാൻസിസ് മാർപാപ്പ നൽകിയ പ്രത്യേക ആശീർവാദം തങ്ങൾക്കും സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന നിരവധിയാളുകൾക്കും വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നതെന്ന് വെളിപ്പെടുത്തുകയാണ് അമ്മയായ ക്ലോറ്റിൽഡ് നോയൽ. സെപ്റ്റംബർ 26-ന് പാരിസിൽ വച്ചാണ് പാപ്പ കുട്ടിയെ ആശീർവദിച്ചത്.

പ്ലേസ് ഡി ലാ കോൺകോർഡിലെ ദിവ്യബലിക്ക് മുന്നോടിയായി ഷാംസെ ലിസേ പാതയിലൂടെ പോപ്പ്‌മൊബീലിൽ മാർപാപ്പ കടന്നുപോകുമ്പോൾ, ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പെൺകുട്ടിയെ കൈകളിൽ ഉയർത്തിപ്പിടിച്ചത്. മാർപാപ്പ മേരി-ഗാരൻസിന് നേരെ കുനിഞ്ഞ്, അവളുടെ കൈപിടിച്ച് ആശീർവദിക്കുകയായിരുന്നു. ഹൃദയസ്പർശിയായ ചിത്രം പകർത്തിയത് അഷൻസ് ഫ്രാൻസ് പ്രസ് ഫോട്ടോഗ്രാഫറായ ലുഡോവിക് മാരിൻ ആയിരുന്നു.

വ്യത്യാസങ്ങളുടെ പേരിൽ പലപ്പോഴും മാറ്റിനിർത്തപ്പെടുന്ന നിർഭാഗ്യവാന്മാരായ മനുഷ്യരുടെ പ്രതീകമാണ് ഈ ആശീർവാദമെന്ന് കുട്ടിയെ ദത്തെടുത്ത അമ്മ ക്ലോറ്റിൽഡ് നോയൽ വെളിപ്പെടുത്തുന്നു. അന്നുതന്നെ നോയലിന്റെ മറ്റൊരു മകളായ പേപ്പ തെരേസയ്ക്കും മാർപാപ്പയുടെ ആശീർവാദം ലഭിച്ചിരുന്നെങ്കിലും ആ നിമിഷം ക്യാമറയിൽ പകർത്തിയിരുന്നില്ല. പേപ്പയ്ക്ക് വൈകല്യങ്ങളുടെ വ്യാപ്തി അല്പം കുറവാണെങ്കിലും അവൾ വീൽചെയർ ഉപയോഗിക്കുന്ന കുട്ടിയാണ്.

“എന്റെ കഥ പങ്കുവയ്ക്കാൻ ഞാൻ സമ്മതിച്ചത് ഈ ആശീർവാദങ്ങൾ ഞങ്ങളുടെ മക്കൾക്കോ കുടുംബത്തിനോ മാത്രം ലഭിച്ച ഒന്നല്ല എന്ന തിരിച്ചറിവുകൊണ്ടാണ്. ഇത് ഈ കുഞ്ഞുങ്ങളെപോലെ അനേകം കുഞ്ഞുങ്ങൾ ഉള്ള കുടുംബൾക്കു ഒരു പ്രതീക്ഷയാണ്”- നോയൽ പറഞ്ഞു. “മേരി-ഗാരൻസിനെ മറ്റുള്ളവർ മാർപാപ്പയുടെ കൈകളിലേക്ക് ഉയർത്തിക്കാട്ടിയപ്പോൾ, പൂർണ്ണമായ വിശ്വാസത്തോടും ആത്മസമർപ്പണത്തോടും കൂടിയാണ് അവൾ പരിശുദ്ധ പിതാവിനെ നോക്കിയത്. മറ്റുള്ളവരുടെ കൈകളിലൂടെ ഉയർത്തപ്പെട്ടപ്പോൾ, വ്യത്യാസങ്ങളുടെ പേരിലും കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ കാരണവും സമൂഹത്തിൽ പലപ്പോഴും മാറ്റിനിർത്തപ്പെടുന്ന ഒരു വിഭാഗം മനുഷ്യരുടെ മുഴുവൻ പ്രതീകമായി അവൾ മാറി. അത് മേരി-ഗാരൻസിന് ലഭിച്ച വലിയൊരു ആദരവായിരുന്നു, അവൾ അത് അർഹിച്ചിരുന്നു. ഞങ്ങൾക്ക് ചുറ്റുമുള്ള എല്ലാവരിലും അത് സൃഷ്ടിച്ച വികാരം പ്രകടമായിരുന്നു”- നോയൽ കൂട്ടിച്ചേർത്തു.

മാർപാപ്പയുടെ ആശീർവാദം മേരി-ഗാരൻസിന്റെ ജന്മം നൽകിയ മാതാപിതാക്കൾക്കുള്ളത് കൂടിയായാണ് ഞാൻ കാണുന്നത്. അവർക്ക് ഞാൻ നന്ദി അർപ്പിക്കുന്നു, കാരണം അവളുടെ വൈകല്യങ്ങൾക്കിടയിലും അവളെ ലോകത്തിലേക്ക് കൊണ്ടുവരാൻ അവർ തീരുമാനിച്ചല്ലോ. മേരി-ഗാരൻസ് കൈകളിൽ നിന്ന് കൈകളിലേക്ക് മാറി ഒടുവിൽ മാർപാപ്പയുടെ അടുത്തെത്തിയതുപോലെ, മറ്റാരുടെയെങ്കിലും കൈകൾ ഒടുവിൽ അതിനെ താങ്ങുമെങ്കിൽ പോലും, പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിലും തങ്ങൾ ഗർഭത്തിൽ പേറുന്ന കുഞ്ഞിന് ജന്മം നൽകാൻ ധൈര്യം കാണിക്കുന്ന എല്ലാ മാതാപിതാക്കൾക്കുമുള്ള ആശീർവാദമായിരുന്നു അത്. നോയൽ പറഞ്ഞു.

ഇന്ന് ക്ലോറ്റിൽഡിനും ഭർത്താവ് നിക്കോളാസിനും 10 മക്കളുണ്ട്. അതിൽ നാലുപേരെ അവർ ദത്തെടുത്തതാണ്. ഈ നാലു കുട്ടികൾക്കും പലവിധ വൈകല്യങ്ങളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.