മ്യാന്മറിൽ സൈന്യം കുട്ടികൾക്ക് നേരെ നടത്തുന്നത് മനുഷ്യത്വരഹിത പ്രവർത്തികളെന്ന് യു എൻ റിപ്പോർട്ട്

മ്യാന്മറിൽ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത സൈന്യം പ്രാദേശിക പ്രതിരോധസേനയെ പിന്തുണക്കുന്നവർക്കു നേരെ നിരവധി ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. സൈന്യം പലപ്പോഴും ലക്ഷ്യമിടുന്നത് കുട്ടികളെയാണ്. യുഎൻ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് നൂറുകണക്കിന് കുട്ടികളെയാണ് അതിക്രൂരമായി സൈന്യം കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്യുന്നത്.

“മ്യാന്മറിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ വർദ്ധിപ്പിക്കാനാണ് സൈന്യം കുട്ടികളെ ആക്രമിക്കുന്നത്. നീണ്ട ചോദ്യം ചെയ്യലിനിടെ കുട്ടികളുടെ നഖങ്ങളും പല്ലുകളും പിഴുതെടുത്ത വിവരങ്ങൾ പോലും ലഭ്യമായിട്ടുണ്ട്. അവർ കുട്ടികളെ തല്ലുകയും ചവിട്ടുകയും കത്തിച്ച സിഗരറ്റുകുറ്റി കൊണ്ട് പൊള്ളിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികൾക്കെതിരായ സൈന്യത്തിന്റെ ഇത്തരം നടപടികൾ മനുഷ്യത്വത്തിന് എതിരാണ്. മാത്രമല്ല, ഇത് യുദ്ധക്കുറ്റകൃത്യങ്ങളിലും ഉൾപ്പെടുന്നു. സൈന്യത്തിന്റെ കമാൻഡറായ മിൻ ഓങ് ഹ്ലൈംഗിനും മറ്റ് സൈനികരും കുട്ടികൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളാണ്” – യുഎൻ റിപ്പോർട്ടറായ ടോം ആൻഡ്രൂസ് പറഞ്ഞു.

കഴിഞ്ഞ 16 മാസത്തിനിടെ 142 കുട്ടികളെയെങ്കിലും സൈന്യം വധിച്ചിട്ടുണ്ട്. സൈന്യത്തിന്റെ ആക്രമണത്തെ ഭയന്ന് 2,50,000 കുട്ടികളെയാണ് ഇതിനോടകം മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. 1,400- ലധികം കുട്ടികൾ അന്യായമായി തടവിലാക്കപ്പെടുകയും മൂന്നു വയസിനു താഴെയുള്ള കുട്ടികൾ ഉൾപ്പെടെ 61 കുട്ടികളെ സൈന്യം ബന്ദികളാക്കിയതായും യുഎൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ബിഷപ്പുമാരുടെ അഭ്യർത്ഥനയെ അവഗണിച്ചും മ്യാന്മറിലെ കായാഹ് സംസ്ഥാനത്തെ സെന്റ് മാത്യു കത്തോലിക്കാ ദേവാലയം സൈന്യം കഴിഞ്ഞ ദിവസം അഗ്നിക്കിരയാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.