ഗാസയിൽ കൊല്ലപ്പെടുന്ന ക്രൈസ്തവരെ അടക്കം ചെയ്യുന്നതിനു സഹായിച്ച് മുസ്ലീം ശ്മശാനങ്ങൾ

ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ സംസ്കരിക്കുന്നതിനുപോലും സൗകര്യമില്ലാതെ വലഞ്ഞ് ഗാസയിലെ ജനങ്ങൾ. നൂറുകണക്കിന് ആളുകളുടെ മൃതദേഹങ്ങൾ ഇപ്പോഴും ഗാസ മുനമ്പിലെ അവശിഷ്ടങ്ങൾക്കടിയിൽ കിടക്കുകയാണ്. മൃതദേഹങ്ങൾ ശ്മശാനങ്ങളിലേക്കു കൊണ്ടുപോകുന്നതിനു പോലും കഴിയാത്ത അവസ്ഥ. ഇതിലും വലുതാണ് ക്രിസ്ത്യാനികൾക്കുള്ള വെല്ലുവിളി. അവരുടെ സെമിത്തേരികളെല്ലാം ഗാസയുടെ വടക്കൻഭാഗത്ത്, ദൈവാലയങ്ങൾക്ക് അടുത്താണ്. അതിനാൽത്തന്നെ, തെക്കുഭാഗത്ത് കൊല്ലപ്പെടുന്നരുടെ മൃതദേഹങ്ങൾ ക്രിസ്ത്യൻ രീതി അനുസരിച്ച് സംസ്കരിക്കുക അസാധ്യമാണ്.

അടുത്തിടെ ഗാസയുടെ തെക്കുഭാഗത്ത് രണ്ട് ക്രിസ്ത്യാനികൾ അന്തരിച്ചു – ഹാനി സുഹൈൽ മിഷേൽ അബു ദാവൂദും, ഹൈതം തരാസിയും. അവരുടെ കുടുംബങ്ങൾക്ക് അന്തിമകർമ്മങ്ങൾ നടത്താൻ കഴിഞ്ഞില്ല. എങ്കിലും മൃതദേഹങ്ങൾ ഏറ്റുവാങ്ങാനും അവർക്ക് മാന്യമായ രീതിയിൽ സംസ്കാരശുശ്രൂഷകൾ നൽകാനും മുസ്ലീം ശ്മശാനങ്ങളുടെ വാതിലുകൾ തുറന്നിരുന്നു. റഫായിലെ താൽ അൽ-സുൽത്താനിലെ മുസ്ലീം ശ്മശാനത്തിലെ തൊഴിലാളിയായ ഇഹ്‌സാൻ അൽ-നാട്ടൂറിന്റെ സാക്ഷ്യപത്രം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അബു ദാവൂദ് എന്ന ക്രിസ്ത്യാനിയെ അടക്കം ചെയ്തതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

“അദ്ദേഹം മുസ്ലീങ്ങൾക്കിടയിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹം ഒരു മനുഷ്യനാണ്; ഞങ്ങൾ മനുഷ്യരെ ബഹുമാനിക്കുന്നു, മാനവികതയെ വിലമതിക്കുന്നു, ഭൂമിയിലെ എല്ലാവരെയും ഞങ്ങൾ സ്നേഹിക്കുന്നു” – ഇഹ്‌സാൻ അൽ-നാട്ടൂർ പറയുന്നു. ഗാസയിലെ ലാറ്റിൻ ഇടവകയിലെ ഫാ. ഗബ്രിയേൽ റൊമാനെല്ലി, ഹാനിയുടെ ശരീരത്തോട് കരുണയും മാനവികതയും ആദരവും പ്രകടിപ്പിച്ച ഈ മനുഷ്യന്റെ (ഇഹ്‌സാൻ അൽ-നാടൂർ) അനുകമ്പയ്ക്ക് നന്ദി രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.