
ദൈവപരിപാലനയും സ്നേഹവും തിരിച്ചറിയാൻ പ്രായപരിധികളില്ലെന്ന് തെളിയിച്ചിരിക്കുകയാണ് റെയ്മണ്ട് ‘റെയ്’ മാർട്ടിൻ സീനിയർ എന്ന രണ്ടാം ലോകമഹായുദ്ധ സൈനികൻ. അമേരിക്കയിലെ അരിസോണയിലുള്ള ട്യൂസണിൽ ജീവിക്കുന്ന ഇദ്ദേഹത്തിന് ഇപ്പോൾ പ്രായം 98! പ്രായത്തേക്കാൾ ഈ ജീവിത സായന്തനത്തിലും ദൈവത്തിലേക്ക്, കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്നുകൊണ്ടാണ് ഇദ്ദേഹം ലോകത്തെ അമ്പരിപ്പിക്കുന്നത്. മാമോദീസയും സ്ഥൈര്യലേപനവും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ഒരുമിച്ച് സ്വീകരിച്ച് കത്തോലിക്കാ സഭാംഗമായ റെയ്മണ്ട് മാർട്ടിന്റെ ജീവിതം ആഗോള സഭയ്ക്ക് തന്നെ വലിയൊരു ആത്മീയ പ്രചോദനമായി മാറിയിരിക്കുകയാണ്.
ജീവിത പങ്കാളി തെളിച്ച വിശ്വാസ ദീപം
അമേരിക്കയിലെ അരിസോണയിലുള്ള ട്യൂസൺ സ്വദേശിയായ റെയ്മണ്ട് മാർട്ടിൻ, രണ്ടാം ലോകമഹായുദ്ധകാലത്ത് ഫിലിപ്പീൻസിലും ജപ്പാനിലെ ഒക്കിനാവയിലും യുഎസ് സൈന്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച വ്യക്തിയാണ്. അതിനുശേഷം 27 വർഷത്തോളം ഇല്ലിനോയിയിൽ പൊലീസ് ഉദ്യോഗസ്ഥനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
തോക്കുകളുടെയും പോരാട്ടങ്ങളുടെയും നടുവിൽ ജീവിച്ചപ്പോഴും, ജീവിതത്തിലുടനീളം അദ്ദേഹത്തിന് വഴികാട്ടിയായിരുന്നത് പരേതയായ പത്നി ആനി മേരിയുടെ കത്തോലിക്കാ വിശ്വാസമായിരുന്നു. ആനി മേരിയുടെ ആഴമേറിയ പ്രാർഥനാ ജീവിതവും ദൈവവിശ്വാസവും എന്നും റെയ്മണ്ടിന്റെ ഉള്ളിൽ നിശ്ശബ്ദമായി ഒരു വെളിച്ചമായി ശോഭിച്ചിരുന്നു.
ആത്മീയയാത്രയ്ക്ക് കരുത്തുപകർന്ന സൗഹൃദം
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശാരീരികമായ അസ്വസ്ഥതകളും സ്ട്രോക്കും റെയ്മണ്ടിനെ അലട്ടിയിരുന്നു. മേയ് മാസത്തിൽ വീണ്ടും സ്ട്രോക്ക് സംഭവിച്ചപ്പോൾ അദ്ദേഹം മരണവക്കോളം എത്തിയതാണ്. എന്നാൽ അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന റെയ്മണ്ടിന്റെ ഉള്ളിൽ കത്തോലിക്കാ സഭാംഗമാകണമെന്ന ആഗ്രഹം അതിശക്തമായി രൂപപ്പെട്ടു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ഡീക്കനുമായ ജാക്ക് ട്രെവിനോയുമായുള്ള ആത്മബന്ധമാണ് ഈ ആഗ്രഹത്തിന് ചിറകുകൾ നൽകിയത്. റെയ്മണ്ട് തന്റെ മനസ്സിൽ എന്നും മനസ്താപപ്രകാരവും ജപമാലയും ചൊല്ലാറുണ്ടായിരുന്നുവെന്ന സത്യം വൈദികർ പോലും തിരിച്ചറിഞ്ഞത് അദ്ദേഹം തന്റെ ആഗ്രഹം വെളിപ്പെടുത്തുന്ന സമയത്താണ്.
നിറകണ്ണുകളോടെ ഏറ്റുപറഞ്ഞ വിശ്വാസം
റെയ്മണ്ടിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് തനതായ പ്രത്യേക ക്രമീകരണങ്ങളോടെ മരാനയിലെ വിശുദ്ധ ക്രിസ്റ്റഫർ ഇടവക വികാരിയായ ഫാദർ എഡ്സൺ എലിസറെറാസിന്റെ നേതൃത്വത്തിൽ കൂദാശകൾ നൽകാൻ തീരുമാനിച്ചു. ഒരു നൂറ്റാണ്ടോളമെത്തിയ തന്റെ ദീർഘമായ ജീവിതാനുഭവങ്ങൾക്കും, യുദ്ധക്കളത്തിലെ ചോരയും നീരും നിറഞ്ഞ ദിനങ്ങൾക്കും ശേഷം റെയ്മണ്ട് കണ്ടെത്തിയ ഏറ്റവും വലിയ നിധി ഈ വിശ്വാസസ്വീകരണമായിരുന്നു. അതിനാൽ കൂദാശ സ്വീകരണ സമയത്തെ ഓരോ പ്രഖ്യാപനവും അദ്ദേഹം നടത്തിയത് നിറഞ്ഞ കണ്ണുകളോടെ ഉള്ളിൽ തട്ടിയായിരുന്നു.
കൂദാശ സ്വീകരണ ദിനത്തിൽ തനിക്കായി ഒരുക്കിയ താൽക്കാലിക അൾത്താരയ്ക്ക് അരികിലേക്ക് തനിയെ നടന്നെത്തിയ റെയ്മണ്ട്, വികാരിയച്ചന്റെ ഓരോ ചോദ്യത്തിനും “അതെ, ഞാൻ വിശ്വസിക്കുന്നു!” എന്ന് ഉറക്കെ പ്രഖ്യാപിച്ചത് ആനന്ദക്കണ്ണീരോടെയായിരുന്നു. അങ്ങനെ തിരുസഭയുടെ പൂർണ്ണ കൂട്ടായ്മയിലേക്ക് അദ്ദേഹം മാമോദീസയിലൂടെ പ്രവേശിക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തു.
ജീവിതത്തിന്റെ അവസാന നാളുകളിൽ, പ്രിയ പത്നിയുടെ ആഗ്രഹപൂർത്തീകരണമെന്നോണം തിരുസഭയോട് ചേർന്ന റെയ്മണ്ട് മാർട്ടിന്റെ കഥ, ഏതു പ്രായത്തിലും ദൈവ കൃപ മനുഷ്യനെ തേടിയെത്തുമെന്നതിന്റെ വലിയൊരു സാക്ഷ്യമാണ്. പ്രായമല്ല തീവ്രമായ ആഗ്രഹത്തോടെ ദൈവത്തെ സ്വീകരിക്കാനുള്ള മനസാണ് അവിടുന്ന് നോക്കുന്നത് എന്ന് റെയ്മണ്ട് മാർട്ടിൻ തന്റെ ജീവിതത്തിലൂടെ വിളിച്ചു പറയുന്നു.




