സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നുമുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയ്ക്കു ശേഷം മഴ മാറിനിന്നിരുന്നെങ്കിലും പുതിയ കാലാവസ്ഥാമാറ്റത്തോടെ സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത തെളിയുകയായിരുന്നു.

മഴ ശക്തമാകുന്നതിനൊപ്പം കേരളതീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുണ്ട്. അതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ ഉള്ളവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതാണ്. ഈ സമയത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണം. മുന്നറിയിപ്പ് പിൻവലിക്കുന്നതു വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള എല്ലാ വിനോദസഞ്ചാര പരിപാടികളും പൂർണ്ണമായി നിർത്തിവയ്ക്കാനും നിർദേശമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.