ചരിത്രത്തിൽ ആദ്യമായി കാത്തലിക് ബിബ്ലിക്കൽ അസോസിയേഷന്റെ അധ്യക്ഷയായി ജൂതവനിത

അമേരിക്കയിലെ കാത്തലിക് ബിബ്ലിക്കൽ അസോസിയേഷന്റെ അധ്യക്ഷയായി ജൂത വേദശാസ്ത്ര പണ്ഡിതയായ ആമി-ജിൽ ലെവിൻ തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ 88 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജൂതപണ്ഡിത ഈ പദവിയിലെത്തുന്നത്. 2026 ജൂലൈ 20 ന് ബാൾട്ടിമോറിൽ നടന്ന സംഘടനയുടെ വാർഷിക പൊതുയോഗത്തിലാണ് 2026-2027 വർഷത്തേക്കുള്ള പുതിയ അധ്യക്ഷയായി ആമി-ജിൽ ലെവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

1936 ൽ അമേരിക്കൻ കത്തോലിക്കാ ബൈബിൾ പണ്ഡിതന്മാർ ആരംഭിച്ച സംഘടനയാണ് കാത്തലിക് ബിബ്ലിക്കൽ അസോസിയേഷൻ. ആഗോളതലത്തിൽ ആയിരത്തിലധികം അംഗങ്ങളുള്ള ഈ പ്രസ്ഥാനത്തിൽ കത്തോലിക്കരും അല്ലാത്തവരുമായ നിരവധി വേദശാസ്ത്രജ്ഞർ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി സംഘടനയിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ലെവിൻ. ‘ദി കാത്തലിക് ബിബ്ലിക്കൽ ക്വാർട്ടർലി’ എന്ന ജേണലിന്റെ ബുക്ക് റിവ്യൂ എഡിറ്ററായും അസോസിയേഷൻ ഉപാധ്യക്ഷയായും അവർ മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കണക്റ്റിക്കട്ടിലെ ഹാർട്ട്ഫോർഡ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ആമി-ജിൽ ലെവിൻ, പുതിയ നിയമത്തിലും ജൂതപഠനങ്ങളിലും പ്രശസ്തയായ പണ്ഡിതയാണ്. 2019 ൽ റോമിലെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ നിയമം പഠിപ്പിച്ച ആദ്യ ജൂതവനിത എന്ന നേട്ടവും ഇവർ കൈവരിച്ചിരുന്നു. ക്രിസ്തുമതത്തിന്റെ ആദ്യകാല ചരിത്രത്തെയും യേശുക്രിസ്തുവിന്റെ മനുഷ്യത്വത്തെയും അവിടത്തെ ജൂതപശ്ചാത്തലത്തെയും കുറിച്ച് ആഴത്തിൽ പഠനം നടത്തുന്ന ലെവിന്റെ സമീപനം കത്തോലിക്കാ സഭയിലും വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. മുൻപ് വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ, ഇവർ എഡിറ്റ് ചെയ്ത ‘ദി ജൂയിഷ് അനോട്ടേറ്റഡ് ന്യൂ ടെസ്റ്റമെന്റ്’ എന്ന ഗ്രന്ഥത്തെ മാർപാപ്പ പ്രത്യേകം പ്രശംസിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.