വ്യാജ മതപരിവർത്തന കേസ്: രാജസ്ഥാനിൽ അറസ്റ്റിലായ ഒൻപത് കത്തോലിക്കർക്ക് ജാമ്യം

രാജസ്ഥാനിലെ ബൻസ്‌വാര ജില്ലയിലുള്ള കലിഞ്ചര ഗ്രാമത്തിൽ കുർബാനയ്ക്കിടെ കൈയേറ്റം നടത്തിയത് ചോദ്യം ചെയ്യുകയും അക്രമികളെ തടയുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഒൻപത് കത്തോലിക്കാ വിശ്വാസികൾക്ക് കോടതി ജാമ്യം അനുവദിച്ചു. മതപരിവർത്തനം ആരോപിച്ചും അക്രമം അഴിച്ചുവിട്ടും പള്ളിയിൽ അതിക്രമിച്ചു കയറിയ തീവ്ര ഹിന്ദുത്വ ഗ്രൂപ്പിൽപെട്ട സംഘത്തെ പള്ളിയിൽ നിന്ന് പുറത്താക്കിയതിനാണ് ഒൻപത് ഇടവകക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഉദയ്പൂർ രൂപതയിലെ ബന്ദാരിയ ഇടവകയ്ക്ക് കീഴിലുള്ള കലിഞ്ചര ഗ്രാമത്തിൽ മെയ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാതാവിന്റെ കപ്പേളയിൽ പരിശുദ്ധ മറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന ഒൻപതു നാൾ പ്രാർഥനയിലും വിശുദ്ധ കുർബാനയിലും എഴുപതോളം വിശ്വാസികൾ പങ്കെടുക്കുകയായിരുന്നു. ദിവ്യബലി മധ്യേ ഒരു കൂട്ടം തീവ്രഹിന്ദുത്വ പ്രവർത്തകർ പ്രാർഥനാസ്ഥലത്തേക്ക് അതിക്രമിച്ചുകയറുകയും മൊബൈൽ ഫോണുകളിൽ ചിത്രീകരണം നടത്തുകയും ചെയ്തു.

പ്രാർഥനയ്ക്ക് നേതൃത്വം നൽകിയവർ അനധികൃത മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ച ഇവർ, വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. അക്രമികളിൽ ഒരാൾ മാരകായുധവുമായെത്തി ഭീഷണിപ്പെടുത്തിയതോടെ പ്രാർഥനയിലുണ്ടായിരുന്നവർ അക്രമികളെ തടയുകയായിരുന്നു. എന്നാൽ സംഭവത്തിൽ കത്തോലിക്കാ വിശ്വാസികൾ നൽകിയ പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ല. പകരം, അതിക്രമിച്ചു കയറിയവരുടെ പരാതിയിൽ വിശ്വാസികൾക്കെതിരെ വധശ്രമം, കലാപശ്രമം, രാജസ്ഥാനിലെ മതപരിവർത്തന നിരോധന നിയമലംഘനം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.

കേസിൽ അറസ്റ്റിലായ ഇവർ മെയ് മാസം മുതൽ ജയിലിൽ കഴിയുകയായിരുന്നു. താഴ്ന്ന കോടതികളും സെഷൻസ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് രാജസ്ഥാൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം വിശദമായി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി വിശ്വാസികൾക്ക് ജാമ്യം അനുവദിച്ചത്. ഉദയ്പൂർ രൂപതാ ബിഷപ്പ് ദേവപ്രസാദ് ജോൺ ഗണവയും സഭാ അധികാരികളും വിധിയിൽ ആശ്വാസം രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.