
അമേരിക്കൻ ഫുട്ബോൾ ലീഗിലെ പ്രമുഖ ടീമായ ഡെട്രോയിറ്റ് ലയൺസിന്റെ ക്വാട്ടർബാക്ക് ജാറെഡ് ഗോഫിനെക്കുറിച്ച് വർഷങ്ങൾക്ക് മുൻപ് അധ്യാപികയായ സിസ്റ്റർ നടത്തിയ പ്രവചനം യാഥാർഥ്യമായി.
ഒക്ടോബർ 25 ഞായറാഴ്ച ഗ്രീൻ ബേ പാക്കേഴ്സിനെതിരെ 20-17 എന്ന സ്കോറിന് ഡെട്രോയിറ്റ് ലയൺസ് നേടിയ തിളക്കമാർന്ന വിജയത്തിന് പിന്നാലെയാണ് ജാറെഡ് ഗോഫ് തന്റെ സ്കൂൾ കാലഘട്ടത്തിലെ അധ്യാപികമാരായ സിസ്റ്റേഴ്സിനെ നേരിൽ കണ്ടുമുട്ടിയത്. ഡെട്രോയിറ്റ് ലയൺസ് പങ്കുവച്ച ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.
കാലിഫോർണിയയിലെ കെന്റ്ഫീൽഡ് മരിയൻ കാത്തലിക് ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഗോഫിന്റെ അധ്യാപികമാരായിരുന്ന ‘ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി’ സഭയിലെ അംഗങ്ങളാണ് ഇവർ. 2011 -ൽ ഹൈസ്കൂൾ ടീമിൽ കളിക്കുമ്പോൾ ഗോഫിന്റെ കളി കണ്ട സിസ്റ്റർ തോമസ് അക്വിനാസ് ബെറ്റ്ലെവ്സ്കിയാണ് അവൻ ഭാവിയിൽ ലോകോത്തര എൻ.എഫ്.എൽ താരമാകുമെന്ന് പ്രവചിച്ചത്. പ്രതികൂല സാഹചര്യങ്ങളിൽ അവൻ കാണിച്ച ശാന്തതയും കൃത്യമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവുമാണ് സിസ്റ്ററെ ഈ നിഗമനത്തിൽ എത്തിച്ചത്.
തങ്ങൾ പഠിപ്പിച്ച പ്രിയ ശിഷ്യൻ മൈതാനത്ത് വിജയങ്ങൾ കൊയ്യുന്നത് നേരിട്ട് കാണാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ഈ സിസ്റ്റേഴ്സ്.




