
“യേശു അവരോടു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. ഞാനാണ് എന്നുപറഞ്ഞ് പലരും എന്റെ നാമത്തില്‍ വരും. അവര്‍ അനേകരെ വഴിതെറ്റിക്കും.” യേശുവിൽ വിശ്വസിക്കുന്ന എല്ലാവരും എല്ലാക്കാലത്തും ഓർത്തിരിക്കേണ്ട ഒരു മുന്നറിയിപ്പാണ് യേശു നൽകുന്നത്. യേശുവിന്റെ നാമത്തിൽ വന്ന് വഴിതെറ്റിക്കുന്നവരെ സൂക്ഷിക്കണമെന്നാണ് വചനത്തിലൂടെ അവിടുന്ന് പറയുന്നത്.
സഹനങ്ങളുടെയും വേദനകളുടെയും കാലത്ത് ആശ്വാസം തേടി മനുഷ്യർ അലയും. എവിടെ നിന്നും ആശ്വാസം ലഭിക്കുന്നുവോ അവിടേക്ക് അവർ യാത്രയാകും. അവിടെയാണ് ശ്രദ്ധ പുലർത്തേണ്ടത്. അഭയം തേടിച്ചെല്ലേണ്ടത് യേശുവിലേക്കാണ്, അല്ലാതെ യേശുവിന്റെ നാമത്തിൽ വരുന്ന വ്യാജന്മാരുടെ അടുത്തേക്കല്ല. വ്യാജന്മാരെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അതിന് തുടർച്ചയായ പ്രാർഥനയും വിവേകവും ആവശ്യമാണ്. എന്നുമാത്രമല്ല, നമ്മുടെ വാക്കുകളിലൂടെയോ, ചെയ്തികളിലൂടെയോ മറ്റുള്ളവരെ വഴിതെറ്റിക്കാതിരിക്കാനും നമുക്ക് ശ്രദ്ധിക്കാം.
ഫാ. ജി. കടൂപ്പാറയിൽ MCBS




