
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ പതിനായിരക്കണക്കിന് യുവജനങ്ങളുടെ ജീവിതങ്ങളിൽ വലിയ ആത്മീയ ഉണർവും പരിവർത്തനവും സമ്മാനിച്ച് ‘സിക്കാർ’ (Sicar) ധ്യാനപരമ്പരകൾ ശ്രദ്ധേയമാകുന്നു. മെക്സിക്കൻ സന്യാസിനിയായ മദർ മരിയ എലീന മാർട്ടീനസ് തന്റെ ദൈവവിളിയുടെയും ആത്മീയ അന്വേഷണങ്ങളുടെയും ഭാഗമായി രൂപം നൽകിയ ഈ ധ്യാന മുന്നേറ്റം, ഇന്ന് ലാറ്റിൻ അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള യുവജന സുവിശേഷീകരണ അനുഭവങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
ബൈബിളിലെ ശമരിയാക്കാരി സ്ത്രീ യേശുവിനെ കണ്ടുമുട്ടുന്ന കിണർ സ്ഥിതി ചെയ്യുന്ന ‘സിക്കാർ’ എന്ന സ്ഥലപ്പേരിൽ നിന്നാണ് ഈ ധ്യാനത്തിന് പേര് ലഭിച്ചത്. മുപ്പത് വർഷത്തിലേറെയായി സന്യസ്ത ജീവിതം നയിക്കുന്ന മദർ എലീന, 2015-ൽ മെക്സിക്കോയിൽ സ്ഥാപിച്ച ‘മേരി, മദർ ഓഫ് ലവ്’ എന്ന ആത്മീയ കൂട്ടായ്മയിലൂടെയാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കത്തോലിക്കാ ഇടവകകളിലും തടവറകളിലും നടത്തുന്ന ‘എമ്മാവൂസ്’ ധ്യാനങ്ങൾക്ക് പുറമെ, യുവാക്കളെ മാത്രം ലക്ഷ്യമിട്ടാണ് ‘സിക്കാർ’ ധ്യാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കുട്ടിക്കാലം മുതൽക്കേ ദൈവത്തെ ആഴത്തിൽ അറിയാൻ ആഗ്രഹിച്ചിരുന്ന മദർ എലീനയുടെ തീക്ഷ്ണതയിൽ നിന്ന് ഉടലെടുത്ത ഈ സംരംഭം, ഇന്ന് മെക്സിക്കോയ്ക്ക് പുറമെ ഗ്വാട്ടിമാല, പരാഗ്വേ, അർജന്റീന, പെറു തുടങ്ങിയ നിരവധി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. ആധുനിക ലോകത്തിന്റെ വെല്ലുവിളികൾക്കിടയിൽ വഴിതെറ്റിപ്പോകുന്ന യുവാക്കൾക്ക് യേശുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കും ആന്തരിക സൗഖ്യത്തിനും ഈ ധ്യാനങ്ങൾ വഴിയൊരുക്കുന്നു.
നിരാശയിലും ലഹരിപദാർഥങ്ങളുടെ ഉപയോഗത്തിലും പെട്ടുപോയ ഒട്ടനവധി യുവതീയുവാക്കൾ ‘സിക്കാർ’ ധ്യാനങ്ങളിലൂടെ തങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തുകയും സഭയോട് ചേർന്ന് പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തതായി സംഘാടകർ വ്യക്തമാക്കുന്നു. സഭയിലെ കൺസെക്രേറ്റഡ് ജീവിതങ്ങളിലേക്കും വൈദിക വൃത്തിയിലേക്കും കടന്നുവരാൻ നിരവധി യുവാക്കൾക്ക് ഈ ആത്മീയ കൂട്ടായ്മകൾ പ്രചോദനമാകുന്നുണ്ട്.



