മയക്കുമരുന്നിനെതിരെ മതഭേദമേന്യ ആളുകൾ രംഗത്തു വരണം: മാർ ജോസഫ് കല്ലറങ്ങാട്ട്

മയക്കുമരുന്നിനെതിരെ മതഭേദമേന്യ ആളുകൾ രംഗത്തു വരണമെന്നു പാലാ രൂപതാധ്യക്ഷനും സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്. സീറോമലബാർ സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫും പാലാ രൂപതാ ജാഗ്രതാ സമിതിയും ചേർന്നു സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുമായി ബന്ധപ്പെടുന്നവർ അവരുടെ നന്മയ്ക്കായി കാംക്ഷിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നില്ലെങ്കിൽ അതും കുറ്റകരമാണ്. സാമൂഹ്യതിന്മകൾക്കതിരെ പോരാടാനുള്ള കുലീനത്വം സമൂഹം പ്രകടമാക്കണം. നമ്മുടെ മക്കൾ ലഹരിക്ക് അടിമകളാകുമ്പോൾ നമ്മുടെ സമൂഹം കരിന്തിരി കത്തുകയാണ്. ഈ അപകടനിലയെ തരണം ചെയ്യാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രയത്‌നിക്കേണ്ടത് ആവശ്യമാണ് – ബിഷപ്പ് ഓർമ്മപ്പെടുത്തി.

കലാലയങ്ങളിൽ, വിശിഷ്യാ പ്രായപൂർത്തിയാകാത്ത കൗമാരക്കാരിൽ പെരുകിവരുന്ന മയക്കുമരുന്ന് ഉപയോഗം ആശങ്കാജനകവും അപകടകരവുമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ അംബാസിഡറായി കുട്ടികളെ വളർത്തിയെടുക്കണം. താ‌ടി കത്തുമ്പോൾ ബീഡി കത്തിക്കാൻ ആഗ്രഹിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന മക്കൾ സ്ഫോടകവസ്തുക്കൾ പോലെയാണ്. ഉണക്കപ്പുല്ലിൽ തീയിട്ട ശേഷം അയ്യോ തീ പിടിച്ചേ എന്നു വിലപിച്ചിട്ടും കാര്യമില്ല. വാളെടുത്തല്ല, വാക്കാൽ മാതാപിതാക്കൾ കുട്ടികളെ നേർവഴിക്കു നയിക്കുന്നവരാകണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.