മാർ ജോസ് പുളിക്കൽ ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ അംഗം

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും സീറോമലബാർ സഭയുടെ വിശ്വാസപരിശീലന കമ്മീഷൻ ചെയർ മാനുമായ മാർ ജോസ് പുളിക്കൽ പിതാവിനെ അന്താരാഷ്ട്ര വിശ്വാസപരിശീലന കൗൺസിലിൽ (ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ) അംഗമായി നിയമിച്ചു. പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പായുടെ അംഗീകാരത്തോടെ സെക്രട്രിയേറ്റ് ഓഫ് സ്റ്റേറ്റിന്റെ നിർദേശപ്രകാരം, സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രൊ പ്രിഫെക്‌ട് ആർച്ചുബിഷപ്പ് റീനോ ഫിസിക്കെല്ലെയാണ് നിയമനം നടത്തിയിരിക്കുന്നത്. അഞ്ച് വർഷത്തേക്കാണ് നിയമനം.

സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇൻ്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ, ആഗോളസഭയുടെ വിശ്വാസപരിശീലന ദൗത്യത്തിന് ആവശ്യമായ പഠനങ്ങൾ, മാർഗനിർദേശങ്ങൾ, നയപരമായ ശുപാർശകൾ എന്നിവ രൂപപ്പെടുത്തുന്നതിനും, മതബോധനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ദിശാബോധവും ഏകോപനവും നൽകുന്നതിനുമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സമിതിയാണ്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മെത്രാന്മാരും വൈദികരും മതബോധനരംഗത്തെ വിദഗ്‌ധരുമാണ് കൗൺസിലിലെ അംഗങ്ങൾ.

2016 ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായും 2020 ൽ മെത്രാനായും ചുമതലയേറ്റ മാർ ജോസ് പുളിക്കൽ 2024 മുതലാണ് സീറോമലബാർ സഭയുടെ വിശ്വാസപരിശീലന കമ്മീഷൻ ചെയർമാനായി നിയമിതനായത്. 2026 ഫെബ്രുവരി മാസത്തിൽ മനിലയിൽ സംഘടിപ്പിച്ച ഏഷ്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ വിശ്വാസപരിശീലന വിഭാഗത്തിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനത്തിൽ മാർ ജോസ് പുളിക്കൽ പങ്കെടുക്കുകയും സീറോമലബാർ സഭയുടെ വിശ്വാസപരിശീലന പ്രവർത്തനങ്ങളും വിശ്വാസപരിശീലന രംഗത്തെ നേട്ടങ്ങളും വെല്ലുവിളികളും അവതരിപ്പിക്കുകയും ചെയ്തിരുന്നു.

വിശ്വാസപരിശീലന രംഗത്തെ മാർ ജോസ് പുളിക്കൽ പിതാവിന്റെ മികവുറ്റ നേതൃത്വത്തിനും സംഭവനകൾക്കും ലഭിച്ച അന്തർദേശീയ അംഗീകാരമാണ് ഈ നിയമനം. സാർവത്രികസഭയുടെ മതബോധന ദൗത്യത്തിൽ സീറോമലബാർ സഭയുടെ വിശ്വാസപരിശീലന പാരമ്പര്യം കൂടുതൽ ഫലപ്രദമായി പങ്കുവയ്ക്കുന്നതിനുള്ള അവസരമാണ് ഈ നിയമനത്തിലൂടെ ലഭിച്ചിരിക്കുന്നത്.

ഫാ. ടോം ഓലിക്കരോട്ട്
പി. ആർ. ഓ. സീറോമലബാർ സഭ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.