മാനന്തവാടി രൂപത സുവർണ്ണജൂബിലി വർഷം ഉദ്ഘാടനം മെയ് ഒന്നിന് 

സീറോ മലബാർ സഭയിലെ മാനന്തവാടി രൂപത സുവർണ്ണജൂബിലി വർഷം ഉദ്ഘാടനം മെയ് ഒന്നിനു നടക്കുമെന്ന് രൂപത നേതൃത്വം മാനന്തവാടിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സുവർണ്ണജൂബിലി വർഷത്തോടനുബന്ധമായി സാമൂഹിക-ആരോഗ്യ-കാർഷിക-വിദ്യാഭ്യാസ-പാരിസ്ഥിതിക മേഖലകളിൽ രൂപത നടപ്പിലാക്കാനുദ്ദേശിക്കുന്ന സുപ്രധാന പദ്ധതികളും മറ്റുള്ളവയും മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പൊരുന്നേടം സുവർണ്ണജൂബിലി ഉദ്ഘാടന സമ്മേളനത്തിൽ പ്രഖ്യാപിക്കും.

മെയ് ഒന്നിന് ദ്വാരക പാസ്റ്ററൽ സെൻ്ററിൽ രൂപതാതല ഉദ്ഘാടനത്തെ തുടർന്ന് മെയ് എട്ടാം തീയതി ഇടവകകളിലും ഒമ്പതാം തീയതി രൂപതയിലെ ഭവനങ്ങളിലും ജൂബിലി ഉദ്ഘാടനം നടക്കും. മെയ് ഒന്നിനു നടക്കുന്ന സുവർണ്ണജൂബിലി ഉദ്ഘാടനം മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനും തൃശ്ശൂർ അതിരൂപതയുടെ ആർച്ചുബിഷപ്പുമായിരുന്ന മാർ ജേക്കബ് തൂങ്കുഴി മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ ഉച്ചക്ക് 1.30-ന് ആരംഭിക്കും.

തലശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്താ മാർ ജോസഫ് പാംപ്ലാനി വചനസന്ദേശം നല്കും. വിശുദ്ധ കുർബാനക്കു ശേഷം നടക്കുന്ന സുവർണ്ണജൂബിലി ഉദ്ഘാടനസമ്മേളനത്തിൽ ആർച്ചുബിഷപ്പ് എമരിറ്റസ് ജേക്കബ് തൂങ്കുഴി, ആർച്ചുബിഷപ്പ് ജോസഫ് പാംപ്ലാനി, കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഐ.സി. ബാലകൃഷ്ണൻ തുടങ്ങിയവരും സാമൂഹിക-രാഷ്ട്രീയരംഗത്തു നിന്നുള്ള മറ്റ് പ്രതിനിധികളും പങ്കെടുക്കും. ജൂബിലിവർഷത്തിന്റെ ഉദ്ഘാടനം മാർ ജേക്കബ് തൂങ്കുഴി നിർവ്വഹിക്കും.

ഭവനരഹിതർ ഇല്ലാത്ത രൂപത എന്ന ലക്ഷ്യം മുൻനിർത്തി നടപ്പിലാക്കുന്ന ഭവനപദ്ധതിയുടെ ഒന്നാം ഘട്ടമായി രൂപതയുടെ സാമൂഹികസേവന വിഭാഗത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 50 ഭവനങ്ങളുടെ താക്കോലുകൾ മന്ത്രി റോഷി അഗസ്റ്റിൻ കൈമാറും. രൂപതയുടെ പുതുക്കിയ നിയമാവലിയുടെ പ്രകാശനം തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയും രൂപത നല്കുന്ന സ്ഥലങ്ങളുടെ ആധാരം കൈമാറൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും നിർവ്വഹിക്കും.

സുവർണ്ണജൂബിലി വർഷത്തിന്റെ ഭാഗമായുള്ള ഭവനരഹിതരില്ലാത്ത രൂപതയുടെ ഭാഗമായി അമ്പതു വീടുകൾ പൂർത്തിയായി. ഭൂരഹിതരില്ലാത്ത രൂപത പദ്ധതിയിൽ കല്ലോടിയിൽ പത്ത് ഏക്കർ സ്ഥലം ഒരുക്കിയിട്ടുണ്ട്. മാനന്തവാടി സെൻ്റ് ജോസഫ്സ് ആശുപത്രിയോടനുബന്ധിച്ച് ഡയാലിസിസ് സെൻ്റർ ആരംഭിക്കും.

ഫോറിൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട്, ബി.എഡ് അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് മുതലായവയും തൊഴിൽ പരിശീലനം – നൈപുണ്യവികസനം – സാമൂഹ്യസുരക്ഷ ഇൻഷുറൻസ് പദ്ധതികൾ – ലീഗൽ എയ്ഡ് സെന്റർ, ചരിത്രഗ്രന്ഥവും ചരിത്ര സെമിനാർ സംഘടിപ്പിക്കൽ സ്മാരകങ്ങൾ നിർമ്മിക്കൽ, വിവിധ കൺവെൻഷനുകൾ സംഗമങ്ങൾ, നീലിഗിരി പാക്കേജ്, കാർബൺ സീറോ രൂപതക്കായി ഹരിതം പദ്ധതി എന്നിവയും ജൂബിലിയോടനുബന്ധിച്ച് നടക്കും. പത്രസമ്മേളനത്തിൽ ബിഷപ്പ് മാർ ജോസ് പൊരുന്നേടം (മാനന്തവാടി രൂപതയുടെ മെത്രാൻ മോൺ. പോൾ മുണ്ടോളിക്കൽ (രൂപത വികാരി ജനറാൾ) സുവർണ്ണജൂബിലി കമ്മറ്റി കൺവീനർ ഫാ. ബിജു മാവറ, രൂപത പി.ആർ.ഒ ടീമംഗങ്ങളായ ഫാ. ജോസ് കൊച്ചറക്കൽ, സാലു മേച്ചേരിൽ, ജോസ് പള്ളത്ത്, സെബാസ്റ്റ്യൻ പാലംപറമ്പിൽ, ഫാ. നോബിൾ തോമസ് പാറക്കൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.