സംഗീത ഇതിഹാസം ലോറെറ്റ ലിൻ അവശേഷിപ്പിച്ച ക്രൈസ്തവ മാതൃക

സംഗീത ഇതിഹാസം ലോറെറ്റ ലിൻ അന്തരിച്ചു. ജീവിതത്തിലെ വിഷമകരമായ സന്ദർഭങ്ങളിൽ ഈ രാജ്യാന്തര ഗായിക വിശ്വാസജീവിതത്തോട് ചേർന്നുനിന്നു. ഒക്ടോബർ നാലിന് തൊണ്ണൂറാം വയസിലാണ് ഈ സംഗീതപ്രതിഭ മരണമടഞ്ഞത്. ലോകമറിയുന്ന ഒരു സെലിബ്രിറ്റി ആണെങ്കിലും ഒപ്പം തന്നെ അർപ്പണബോധമുള്ള ഒരു ക്രിസ്ത്യാനിയും ഭാര്യയും ആറ് മക്കളുടെ അമ്മയുമായിരുന്നു ലോറെറ്റ.

എല്ലാ പ്രശസ്തിക്കുമപ്പുറം, ജീവിതത്തിലുടനീളം ചില ബുദ്ധിമുട്ടുകളും സങ്കടങ്ങളും നേരിട്ട ഒരു സ്ത്രീയായിരുന്നു ലോറെറ്റ ലിൻ. “ഒരു നല്ല മനുഷ്യനും കഠിനാദ്ധ്വാനിയുമാണ്” എന്ന് ലോറെറ്റ വിശേഷിപ്പിച്ച ഒലിവർ (‘ഡൂ’) ലിന്നുമായി വിവാഹിതയായി. 50 വർഷത്തോളം അവർ ഒന്നിച്ചു ജീവിച്ചു. പക്ഷേ, ഒലിവർ ഒരു മദ്യപാനിയായിരുന്നു. അത് അവരുടെ ദാമ്പത്യജീവിതത്തെയും കുടുബജീവിതത്തെയും സാരമായി ബാധിച്ചു. ഭർത്താവ് ഒലിവർ 1996-ൽ 69-ാം വയസിൽ മരണമടഞ്ഞു.

ലൊറേറ്റയുടെ രണ്ടു മക്കൾ അകാലത്തിൽ മരണമടഞ്ഞത് അവരെ വേദനിപ്പിച്ചു. ജാക്ക് ബെന്നി ലിൻ 1984-ൽ 34-ാം വയസിൽ ഒരു നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിൽ മരിച്ചു; മൂത്ത മകൾ ബെറ്റി സ്യൂ 2013-ൽ 64-ആം വയസിൽ എംഫിസെമ ബാധിച്ചു മരിച്ചു. ജീവിതത്തിൽ വേദനകളും സഹനങ്ങളും ഏറെയുണ്ടായിട്ടും ലോറെറ്റക്ക് തന്റെ സംഗീതജീവിതവും വിശ്വാസജീവിതവും ഒന്നിച്ചു കൊണ്ടുപോകാൻ കഴിഞ്ഞു. കുട്ടിക്കാലത്ത് അവൾ മാമ്മോദീസ സ്വീകരിച്ചില്ലെങ്കിലും, ഞായറാഴ്ചകളിൽ പള്ളിയിൽ പോയിരുന്നു എന്ന് ‘കോള് മൈനേഴ്‌സ് ഡോട്ടർ’ എന്ന പുസ്തകത്തിൽ ലൊറേറ്റ വിശദീകരിക്കുന്നു: “എനിക്ക് വിശ്വാസമുണ്ടായിരുന്നു. പക്ഷേ, ചില കാരണങ്ങളാൽ ഞാൻ സ്നാനമേറ്റിട്ടില്ല. സംഗീതജീവിതം ആരംഭിച്ചതിനു ശേഷം പള്ളിയിൽ പോകുന്നതിൽ നിന്നും ബൈബിൾ വായിക്കുന്നതിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറി. ഞാൻ ദൈവീക കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകിയില്ല.”

എങ്കിലും ലോറെറ്റയുടെ ബാൻഡ് അംഗമായ ജോൺ തോൺഹിൽ മാമ്മോദീസാ സ്വീകരിച്ചപ്പോൾ അത് ലോറെറ്റയെയും സ്വാധീനിച്ചു. ബൈബിൾ പഠിക്കുന്നതിനും ക്രിസ്തുവിനോട് കൂടുതൽ അടുക്കുന്നതിനുമുള്ള ഒരു മടക്കയാത്രയിലേക്ക് അത് നയിച്ചു. അങ്ങനെ തന്റെ 40-മത്തെ വയസിൽ ലൊറേറ്റ മാമ്മോദീസ സ്വീകരിച്ചു.

“നല്ല ക്രിസ്തീയജീവിതം നയിക്കാൻ ഞാൻ ശ്രമിക്കുന്നു. അതിനാൽ എന്നെക്കുറിച്ച് പറയാൻ വളരെയധികം മസാലകൾ ചേർത്ത കഥകളില്ല – സത്യം മാത്രം. ആരും പൂർണ്ണരല്ല. പൂർണ്ണനായിരുന്ന ഒരേയൊരാൾ ക്രൂശിക്കപ്പെട്ടു” -ലൊറേറ്റ തന്റെ ആത്മകഥയിൽ വെളിപ്പെടുത്തുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.