ത്രിത്വൈക ദൈവത്തിന്റെ ഐക്യവും സ്നേഹവും ജീവിക്കുക: ആഗോളക്രൈസ്തവ ഫോറത്തോട് ഫ്രാൻസിസ് പാപ്പ

ക്രിസ്തുവിന്റെ അനുയായികൾ എന്ന പൊതുവായ സവിശേഷതയോടെ, ലോകമെമ്പാടും നിന്നെത്തിയ ക്രൈസ്തവർ ഒരുമിച്ചുകൂടുന്ന ഒരു ഇടമെന്ന നിലയിൽ സമകാലിക ക്രൈസ്തവികതയുടെ ഒരു വർണ്ണചിത്രമായി ആഗോള ക്രൈസ്തവ ഫോറത്തിന്റെ ഈ വർഷത്തെ പൊതുസമ്മേളനം മാറുന്നുവെന്ന് പാപ്പ. ആഫ്രിക്കൻ രാജ്യമായ ഘാനയിലെ ആക്രയിൽ ഏപ്രിൽ പതിനഞ്ച് മുതൽ ഇരുപത് വരെ തീയതികളിൽ നടക്കുന്ന സംഘടനയുടെ നാലാമത് ലോകസമ്മേളനത്തിലേക്കയച്ച സന്ദേശത്തിലാണ് ക്രൈസ്തവഐക്യം ലോകത്തിന് മുൻപിൽ സാക്ഷ്യപ്പെടുത്തുന്നതിനെ പാപ്പ അഭിനന്ദിച്ചത്.

ക്രൈസ്തവഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള ഡികാസ്റ്ററിയുടെ സെക്രെട്ടറി മോൺസിഞ്ഞോർ ഫ്‌ളാവിയ പാച്ചേയാണ് പരിശുദ്ധപിതാവിന്റെ സന്ദേശം വായിച്ചത്. “ലോകം അറിയാൻ വേണ്ടി (യോഹ. 17, 23) എന്ന വിഷയത്തെ ആധാരമാക്കിയുള്ള ഈ വർഷത്തെ സമ്മേളനത്തിന്റെ ആദ്യഭാഗം ഏകവും ത്രിത്വവുമായ ദൈവത്തിന്റെ ഐക്യവും സ്നേഹവും തങ്ങളുടെ വ്യക്തിജീവിതങ്ങളിലും സഭാജീവിതത്തിലും ജീവിക്കാനും അതുവഴി ഭിന്നതകളാലും ശത്രുതയാലും മുറിവേൽക്കപ്പെട്ട ഒരു ലോകത്തിനുള്ള ക്രൈസ്തവസാക്ഷ്യമായി മാറാനും നിങ്ങളെ ആഹ്വാനം ചെയ്യുന്നുണ്ടെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

ദൈവരാജ്യത്തെക്കുറിച്ചുള്ള വീക്ഷണം സ്വന്തമാക്കാൻ ഒഴിച്ചുകൂട്ടാനാകാത്ത ഒരു ഘടകം ഐക്യമാണെന്ന് പറഞ്ഞ പാപ്പ, അതുകൊണ്ടുതന്നെ സുവിശേഷപ്രഘോഷണവും എക്യൂമെനിസവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് ഓർമ്മിപ്പിച്ചു. ആഗോള ക്രിസ്ത്യൻ ഫോറം അതിന്റെ പ്രവർത്തനത്തിലൂടെ ഈയൊരു ബന്ധത്തെ എടുത്തുകാണിക്കാൻ എന്നും പരിശ്രമിച്ചിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു. ക്രിസ്തുവിൽ ഒരുമിച്ച് കണ്ടുമുട്ടാനും, പരസ്പരബഹുമാനത്തിൽ വളരാനും, ചരിത്രപരമായി വ്യത്യസ്തമായ ക്രൈസ്തവഘടനകളെ ഒരുമിച്ച് കൂട്ടാനും സംഘടന ശ്രമിച്ചുവെന്ന് പാപ്പ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.