സമാധാനത്തിനായി നമുക്ക് പ്രാർഥിക്കാം: ഫ്രാൻസിസ് പാപ്പാ

ഉക്രൈൻ മുതൽ മധ്യപൂർവേഷ്യ വരെ തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളെക്കുറിച്ച് ഹൃദയവേദനയോടെ എടുത്തുപറയുകയും സമാധാനത്തിനുവേണ്ടി പ്രാർഥിക്കാൻ എല്ലാവരെയും ആഹ്വാനംചെയ്യുകയും ചെയ്ത് ഫ്രാൻസിസ് പാപ്പാ. നവംബർ മാസം പതിനഞ്ചാം തീയതി ബുധനാഴ്ച്ച വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തിൽ നടത്തിയ പൊതുകൂടിക്കാഴ്ചാവേളയിലാണ് പാപ്പാ സമാധാനത്തിനായി പ്രാർഥിക്കാൻ വിശ്വാസികളുടെ സമൂഹത്തോട് അഭ്യർഥിച്ചത്.

സമാധാനത്തിനുവേണ്ടി പ്രാർഥിക്കാൻ സമയം കണ്ടെത്തണമെന്നും, എവിടെ യുദ്ധമുണ്ടായാലും സമാധാനത്തിനുവേണ്ടി പ്രാർഥിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി. ഉക്രൈനെയും ഇസ്രയേലിനെയും പലസ്തീനെയും സുഡാനെയും പേരെടുത്തു പരാമർശിച്ചുകൊണ്ടാണ് പാപ്പാ തന്റെ അഭ്യർഥന നടത്തിയത്.

തുടർന്ന് രക്തദാനത്തിന്റെ അമൂല്യതയും ഇപ്രകാരം ജീവൻ സംരക്ഷിക്കാൻ സന്നദ്ധസേവനം നടത്തുന്നവരെയും പാപ്പാ പരാമർശിച്ചു. അൾത്താരശുശ്രൂഷകരെയും സ്‌കൗട്ട് അംഗങ്ങളെയും പാപ്പാ അഭിവാദ്യം ചെയ്തു. ‘ജീവിക്കുന്ന ചുറ്റുപാടുകളിൽ ധീരന്മാരായ നായകരാകാൻ’ പാപ്പാ അവരെ ആഹ്വാനംചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.