
ആകാശത്തോളം ഉയരത്തിൽ സ്വന്തമാക്കാമായിരുന്ന വലിയൊരു കരിയർ വേണ്ടെന്നുവച്ച് താഴെത്തട്ടിലെ മനുഷ്യർക്ക് നീതി ഉറപ്പാക്കാൻ ഇന്ത്യൻ പൊലീസ് സർവീസിലേക്ക് കടന്നുവന്ന അപൂർവമായൊരു വ്യക്തിത്വമാണ് അനുക്രിതി ശർമ്മയുടേത്. നാസയിലെ (NASA) ശാസ്ത്രജ്ഞയിൽ നിന്ന് ഇന്ത്യയിലെ ഐ.പി.എസ് ഓഫീസറിലേക്കുള്ള അവരുടെ യാത്ര വെറുമൊരു മാറ്റമല്ല. നാടിനെയും നാട്ടുകാരെയും സേവിക്കാൻ ഒരുങ്ങിപ്പുറപ്പെട്ട ഒരു പെൺകുട്ടിയുടെ ഉറച്ച നിശ്ചയദാർഢ്യത്തിന്റെ ജീവിതയാത്രയാണ്.
ആദ്യകാല ജീവിതവും പഠനവും
രാജസ്ഥാനിലെ അജ്മീർ സ്വദേശിയായ അനുകൃതി ശർമ്മ ജയ്പൂരിലെ ഇൻഡോ – ഭാരത് ഇന്റർനാഷണൽ സ്കൂളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് കൊൽക്കത്തയിലെ പ്രശസ്തമായ ‘ഐസർ’ സ്ഥാപനത്തിൽ നിന്ന് അഞ്ചുവർഷത്തെ ബി.എസ് – എം.എസ് (BS-MS) ബിരുദം നേടി. 2012 -ൽ അമേരിക്കയിലെ ഹൂസ്റ്റണിലുള്ള റൈസ് യൂണിവേഴ്സിറ്റിയിൽ പിഎച്ച്.ഡി പ്രവേശനവും ലഭിച്ചു. അവിടെ അഗ്നിപർവതങ്ങളെക്കുറിച്ചുള്ള ഗവേഷണ പദ്ധതി ഉൾപ്പെടെ വിവിധ ശാസ്ത്ര പഠനങ്ങളിൽ പങ്കാളിയായി. ഇതിനിടയിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ പ്രവർത്തിക്കാനുള്ള അവസരം അവർക്ക് ലഭിക്കുന്നത്. പ്രതിമാസം രണ്ടുലക്ഷത്തോളം രൂപ റിസർച്ച് സ്റ്റൈപ്പൻഡ് ലഭിക്കുന്ന മികച്ചൊരു ഗവേഷണ കരിയറായിരുന്നു അത്.
സിവിൽ സർവീസിലേക്കുള്ള ചുവടുമാറ്റം
ശാസ്ത്രരംഗത്ത് ഉജ്ജ്വലമായ ഭാവി മുന്നിലുണ്ടായിരുന്നെങ്കിലും സ്വന്തം രാജ്യത്തിനായി എന്തെങ്കിലും ചെയ്യണമെന്ന തീവ്രമായ ആഗ്രഹമാണ് അനുകൃതിയെ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. 2014 മുതൽ അവർ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.
തുടർച്ചയായ തിരിച്ചടികളാണ് ആദ്യഘട്ടങ്ങളിൽ അവരെ എതിരേറ്റത്. 2015 -ലെ ആദ്യ ശ്രമത്തിലും തുടർന്ന് നടത്തിയ രണ്ടാമത്തെ ശ്രമത്തിലും പ്രാഥമിക പരീക്ഷ പോലും കടക്കാൻ കഴിഞ്ഞില്ല. എന്നാൽ പരാജയങ്ങളിൽ തളരാതെ മുന്നോട്ടുപോയ അവർ 2018 -ലെ നാലാം ശ്രമത്തിൽ 355 -ാം റാങ്ക് നേടി ഇന്ത്യൻ റവന്യൂ സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എങ്കിലും ലക്ഷ്യം ഐ.പി.എസ് ആയതിനാൽ പഠനം തുടരുകയും 2020 -ൽ അഞ്ചാം ശ്രമത്തിൽ 138 -ാം റാങ്ക് നേടി താൻ ആഗ്രഹിച്ച ഐ.പി.എസ് കേഡർ സ്വന്തമാക്കുകയും ചെയ്തു.
പൊലീസ് സർവീസും സേവന മികവും
ഉത്തർപ്രദേശ് കേഡർ ഐ.പി.എസ് ഓഫീസറായി ചുമതലയേറ്റ അനുകൃതി കാര്യക്ഷമവും സംവേദനക്ഷമവുമായ സമീപനത്തിലൂടെ പൊലീസിംഗ് രംഗത്ത് ശ്രദ്ധേയയായി. സംഭൽ ജില്ലയിൽ സേവനമനുഷ്ഠിക്കവേ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ച് കിടന്ന നൂറുകോടിയിലധികം രൂപയുടെ വലിയൊരു ഇൻഷുറൻസ് തട്ടിപ്പ് തകർത്തത് അവരെ ദേശീയതലത്തിൽ ശ്രദ്ധേയയാക്കി.
2026 ഫെബ്രുവരിയിൽ ഗൗതം ബുദ്ധ നഗറിലേക്ക് സ്ഥലംമാറ്റപ്പെട്ട അവർ നിലവിൽ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ഓഫീസർ ആയി സേവനമനുഷ്ഠിക്കുന്നു.
പുരസ്കാര നിറവിൽ
പൊലീസ് സേവന രംഗത്ത് കാണിച്ച മികച്ച പ്രകടനത്തിനും സമർപ്പണത്തിനും അംഗീകാരമായി 2026 ൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കാര്യക്ഷമതാ മെഡലിന് അനുകൃതി ശർമ്മ ശുപാർശ ചെയ്യപ്പെട്ടു.
അമേരിക്കയിലെ ഉയർന്ന സാമ്പത്തിക ഭദ്രതയുള്ള ശാസ്ത്ര ഗവേഷണ ജോലി ഉപേക്ഷിച്ച് അഞ്ച് ശ്രമങ്ങളിലൂടെ ഐ.പി.എസ് എന്ന സ്വപ്നത്തിലേക്ക് നടന്നു കയറിയ അനുകൃതി ശർമ്മയുടെ ജീവിതം രാജ്യത്തോടുള്ള പ്രതിബദ്ധതയുടെയും തോറ്റുകൊടുക്കാത്ത മനസ്സിന്റെയും മികച്ച പ്രതീകമാണ്.




