സുവിശേഷവൽക്കരണത്തിൽ കുടുംബങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടി ലെയോ പാപ്പ

അർജന്റീനയിലെ ക്രിസ്തീയ കുടുംബങ്ങൾ സമൂഹത്തിനു നൽകുന്ന സംഭാവനകളെയും പങ്കിനെയും പ്രശംസിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. അർജന്റീന സന്ദർശനവേളയിൽ ബ്യൂനസ് അയേഴ്സിൽ നടന്ന ദിവ്യബലിക്കിടെയാണ് മാർപാപ്പയുടെ പരാമർശം.

“വിശ്വാസം, മാനവിക മൂല്യങ്ങൾ, തൊഴിൽ സംസ്കാരം, മുതിർന്നവരോടുള്ള ബഹുമാനം, ജീവന്റെ സംരക്ഷണം, വാക്കുകളിലെ വിശ്വസ്തത എന്നിവ കൈമാറപ്പെടുന്നത് കുടുംബങ്ങളിലാണ്. ക്രിസ്തീയ കുടുംബങ്ങൾ കാലഹരണപ്പെട്ടതാണെന്ന് കരുതുന്നവരെയും തള്ളിക്കളയുന്നവരെയും അവഗണിക്കുകയാണ് വേണ്ടത്. ഇന്നത്തെ കാലത്തെ പലവിധ അനിശ്ചിതത്വങ്ങൾക്കിടയിൽ, മുൻപെങ്ങുമില്ലാത്തവിധം ഇന്ന് കുടുംബം ഒരു ശക്തമായ അടിത്തറയായി നിലകൊള്ളുന്നു”- പാപ്പ പറഞ്ഞു.

വിശ്വാസം പകരുന്നതിലും മുതിർന്നവരെ ബഹുമാനിക്കുന്നതിലും ജീവന്റെ സംരക്ഷണത്തിലുമെല്ലാം കുടുംബങ്ങളുടെ പങ്ക് വലുതാണെന്നും പാപ്പ ഓർമിപ്പിച്ചു. “സുവിശേഷവൽക്കരണത്തിൽ കുടുംബങ്ങൾ നേതൃപരമായ പങ്കു വഹിക്കണം. അർജന്റീനയിലെ സഭയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്. ബിഷപ്പുമാരെയും വികാരിയച്ചന്മാരെയും പാസ്റ്ററൽ ശുശ്രൂഷകരെയും മതബോധന അധ്യാപകരെയും അവരുടെ ദൗത്യത്തിൽ പിന്തുണയ്ക്കുക. വിശ്വാസത്താൽ പ്രചോദിതരായ കുടുംബങ്ങൾ ഒരുമിച്ച് പ്രാർഥിക്കുകയും സുവിശേഷം അറിയിക്കുക എന്ന ശുശ്രൂഷ ജീവിക്കുകയും ചെയ്യുമ്പോൾ ഈ സഭ പുതുക്കപ്പെടുകയും ഉന്മേഷഭരിതമാവുകയും ചെയ്യുന്നു.” പാപ്പ പറഞ്ഞു.

മരങ്ങൾ നിറഞ്ഞ വടക്കൻ ബ്യൂനസ് അയേഴ്സിലെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിച്ച സ്മാരകത്തിൽ മാർപാപ്പ അർപ്പിച്ച ദിവ്യബലിയിൽ ഏകദേശം 25 ലക്ഷത്തോളം (2.5 ദശലക്ഷം) ആളുകൾ പങ്കെടുത്തതായി പ്രാദേശിക അധികാരികൾ കണക്കാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.