
വെനസ്വേലയിലെ പ്രാദേശിക സഭയെ കൂടുതൽ സേവിക്കുന്നതിന്റെ ഭാഗമായി, രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ഇടവകയുടെ അജപാലനദൗത്യം ഏറ്റെടുത്ത് ലെജിയനറീസ് ഓഫ് ക്രൈസ്റ്റ് സന്യാസസമൂഹം. ബാർക്വിസിമെറ്റോ രൂപതയിലുള്ള സാൻ ഇസിദ്രോ ലാബ്രഡോർ ഇടവകയുടെ ചുമതലയാണ് ഈ കത്തോലിക്കാ സന്യാസ സഭയ്ക്ക് കൈമാറിയത്.
ഫാദർ ഇമ്മാനുവൽ കാസ്തനേഡ ഈ ഇടവകയുടെ വികാരിയായി ചുമതലയേറ്റെടുത്തു. തുടക്കത്തിൽ മൂന്ന് വർഷത്തേക്കാണ് ഈ ചുമതല അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. ബാർക്വിസിമെറ്റോ ആർച്ച്ബിഷപ്പ് മോൺ. പോളിറ്റോ റോഡ്രിഗസ് മെൻഡെസിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ലെജിയനറീസ് ഓഫ് ക്രൈസ്റ്റ് സമൂഹം ഈ ദൗത്യം ഏറ്റെടുത്തത്.
ബാർക്വിസിമെറ്റോയിൽ നിന്ന് 11 കിലോമീറ്റർ കിഴക്കായി വേരഗാച്ച എന്ന പ്രദേശത്താണ് ഈ ഇടവക സ്ഥിതി ചെയ്യുന്നത്. ആയിരത്തോളം വരുന്ന പ്രാദേശിക ജനങ്ങളുടെ കൂട്ടായ്മയിലൂടെ നിർമ്മിക്കപ്പെട്ട ഈ ദൈവാലയം, ഒരു ഇടവകയായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത് അടുത്തകാലത്താണ്. യുവജന പങ്കാളിത്തവും മിഷനറി സാധ്യതകളും ഏറെയുള്ള ഈ പുതിയ ഇടവകയിൽ, സന്യാസ സമൂഹത്തിന്റെയും ഒപ്പം ‘റെഗ്നം ക്രിസ്റ്റി’ എന്ന അല്മായ മുന്നേറ്റത്തിന്റെയും വിവിധ അപ്പോസ്റ്റോലിക് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രവർത്തിക്കാനാണ് സഭ ലക്ഷ്യമിടുന്നത്.
ലെജിയനറീസ് ഓഫ് ക്രൈസ്റ്റ് സഭ നൽകുന്ന വിവരമനുസരിച്ച്, 2025 അവസാനത്തോടെ സഭാസമൂഹം ചുമതല വഹിച്ചിരുന്ന 47 ഇടവകകൾക്ക് പുറമെയാണ് സാൻ ഇസിദ്രോ ലാബ്രഡോർ ഇടവകയും ഇപ്പോൾ ഇതിൽ പങ്കുചേരുന്നത്. ഇവയിൽ 22 എണ്ണം മെക്സിക്കോയിലും, 13 എണ്ണം ഇറ്റലിയിലും, 4 എണ്ണം വടക്കേ അമേരിക്കയിലും, 3 എണ്ണം ബ്രസീലിലും, 2 എണ്ണം ഫ്രാൻസിലും, 2 എണ്ണം സ്പെയിനിലും, ഒരെണ്ണം അർജന്റീനയിലുമാണ് സ്ഥിതി ചെയ്യുന്നത്.




