
കൊളംബിയയിൽ പ്രകൃതി വീണ്ടും രൗദ്രഭാവം പുറത്തെടുത്തപ്പോഴും, പ്രാർഥനയിലൂടെയും കരുതലിലൂടെയും മാതൃകയാവുകയാണ് ഒരു കത്തോലിക്കാ വൈദികൻ. കൊളംബിയയിലെ വല്ലെ ഡെൽ കോക്കയിലെ പാൽമിറയിലുള്ള ഹോളി ട്രിനിറ്റി ദൈവാലയത്തിൽ പതിവുപോലെ വിശുദ്ധ കുർബാന അർപ്പണം നടക്കുകയായിരുന്നു. അതിനിടെയായിരുന്നു ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ഈ സമയം പരിഭ്രാന്തരാകാതെ ദിവ്യകാരുണ്യവും കൈയിലേന്തി ഒരു വിശ്വാസ സമൂഹത്തെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് നയിക്കുവാൻ ഫാദർ ഓസ്കാർ അഗിരെ കാൽഡെറോൺ എന്ന വൈദികന് കഴിഞ്ഞു.
ദിവ്യകാരുണ്യ സ്വീകരണത്തിന്റെ സമയത്താണ് കെട്ടിടത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. തത്സമയ സംപ്രേഷണത്തിലായിരുന്ന വിശുദ്ധ കുർബാന മധ്യേ അൾത്താരയും മാതാവിന്റെ രൂപങ്ങളും കുലുങ്ങുന്നത് വ്യക്തമായിരുന്നു. ഭൂകമ്പത്തിന്റെ ആഘാതം തിരിച്ചറിഞ്ഞ വൈദികൻ ഒട്ടും പരിഭ്രമിക്കാതെ വിശുദ്ധ കുർബാന താൽക്കാലികമായി നിർത്തിവെക്കാൻ ആവശ്യപ്പെട്ടു.
അൾത്താരയിൽ വച്ചിരുന്ന ദിവ്യകാരുണ്യം കൈകളിൽ ഏന്തിയ അദ്ദേഹം, “നമുക്ക് ശാന്തരായി പുറത്തേക്ക് ഇറങ്ങാം, ഭയപ്പെടേണ്ടതില്ല” എന്ന് നിർദേശിച്ച് വിശ്വാസികളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള വഴിയൊരുക്കി. “ദിവ്യകാരുണ്യത്തോടൊപ്പം പുറത്തുകടക്കാൻ ഞങ്ങൾക്ക് സാധിച്ചു, അത് ഞങ്ങൾക്ക് വലിയൊരു അനുഗ്രഹമായിരുന്നു. കാരണം, ഞങ്ങൾ കവാടത്തിലെ ആർച്ചുകളിലൊന്നിലേക്ക് ഇറങ്ങിനിൽക്കുകയും, സമൂഹം മുഴുവൻ അവിടെയുള്ള സ്ക്വയറിൽ (തുറസ്സായ സ്ഥലത്ത്) ഒന്നിച്ചുകൂടുകയും ചെയ്തു,” പാൽമിറ രൂപത പങ്കുവച്ച വീഡിയോയിൽ വൈദികൻ ഓർത്തെടുത്തു.
എല്ലാവരും സുരക്ഷിതരായി പുറത്തെത്തിയതിന് പിന്നാലെ, പള്ളിയുടെ ഗോപുരത്തിന്റെ ഒരു ഭാഗവും കൂരയുടെ ഭാഗവും തകർന്നു വീണു. കൂടാതെ, ദൈവാലയത്തിനുള്ളിലേക്ക് ഇഷ്ടികകൾ പതിക്കുകയും ചെയ്തു. ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ ഒടുങ്ങിയ ശേഷവും എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പാക്കിയ ശേഷവുമാണ് വിശുദ്ധ കുർബാന പുനരാരംഭിച്ചത്.
പ്രകൃതിദുരന്തങ്ങൾ വരുമ്പോൾ പരിഭ്രാന്തരാകാതെ സമചിത്തതയോടെ പെരുമാറേണ്ടതിന്റെയും, ഒപ്പം വിശ്വാസവും ദൈവീക പ്രത്യാശയും മുറുകെപ്പിടിക്കേണ്ടതിന്റെയും മികച്ച ഉദാഹരണമാണ് ഈ വൈദികന്റെ ഇടപെടലെന്ന് ലോകമെമ്പാടും ഉള്ള ആളുകൾ സാക്ഷ്യപ്പെടുത്തുന്നു.




