ഓഗസ്റ്റ് 27 -ന് കോട്ടയം അതിരൂപതാ സ്ഥാപന ദിനാചരണം  

തെക്കുംഭാഗ ജനതയ്ക്കായി ‘ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29 -ന് വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 112-ാം വാര്‍ഷികാഘോഷങ്ങള്‍ ഓഗസ്റ്റ് 27 ശനിയാഴ്ച കോട്ടയത്തു നടത്തപ്പെടും. ഇടയ്ക്കാട് ഫൊറോനയുടെ ആതിഥേയത്വത്തില്‍ സംഘടിപ്പിക്കുന്ന അതിരൂപതാദിനാചരണത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ രാവിലെ 10.30 – ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ക്‌നാനായ സമുദായത്തിന്റെ മിഷനറി ദൗത്യത്തെക്കുറിച്ച് അള്‍ജീരിയ, ടുണീഷ്യ രാജ്യങ്ങളുടെ അപ്പ്‌സ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് ബി.സി.എം കോളേജ് ഓഡിറ്റോറിയത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന രൂപതാ സ്ഥാപന വാര്‍ഷിക പൊതുസമ്മേളനത്തില്‍ തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പാംബ്ലാനി മുഖ്യാതിഥിയായി പങ്കെടുക്കും. വൈദിക സമര്‍പ്പിത അല്‍മായ പ്രതിനിധികള്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും.

അതിരൂപതയില്‍ വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച തെരഞ്ഞെടുക്കപ്പെട്ട അതിരൂപതാംഗങ്ങളെ  ആദരിക്കും.  അതിരൂപതയില്‍ നടത്തപ്പെടുന്ന അജപാലനപ്രവര്‍ത്തനങ്ങളുടെ  സംക്ഷിപ്ത റിപ്പോര്‍ട്ടും  അവതരിപ്പിക്കും. അതിരൂപതയിലെ വൈദികരും സമര്‍പ്പിത പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും സമുദായസംഘടനാ പ്രതിനിധികളും ആഘോഷങ്ങളില്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.