വി. ലോറൻസോ റൂയിസ്: ഫിലിപ്പിയൻസിൽ നിന്നുള്ള ആദ്യ വിശുദ്ധൻ

എല്ലാ വർഷവും സെപ്റ്റംബർ 28-ാം തീയതി ഫിലിപ്പിയൻസിൽ നിന്നുള്ള ആദ്യ വിശുദ്ധനായ വി. ലോറൻസോ റൂയിസിന്റെ തിരുനാൾ ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു. ഫിലിപ്പിയൻസിലെ യുവജനങ്ങളുടെ മധ്യസ്ഥനും വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്നവരുടെയും അൾത്താരബാലന്മാരുടെ പ്രത്യേക മധ്യസ്ഥനായും വി. ലോറൻസോ ലൂയിസിനെ ഫിലിപ്പിയൻ സഭ ആദരിക്കുന്നു. വിശുദ്ധനെക്കുറിച്ചുള്ള ചില വസ്തുതകൾ ചുവടെ ചേർക്കുന്നു.

1. ഫിലിപ്പിയൻസിൽ നിന്നുള്ള ആദ്യ വിശുദ്ധൻ: ഫിലിപ്പിയൻസിൽ നിന്നുള്ള ആദ്യ വിശുദ്ധനായ ലോറൻസോ ലൂയിസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് 1981 ഫെബ്രുവരി 18-ന് ജോൺ പോൾ രണ്ടാമൻ ഉയർത്തി. വത്തിക്കാന്റെ പുറത്തുവച്ച് ആദ്യമായാണ് ഒരാളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്.

2. ലോറൻസോ റൂയിസ് അൾത്താരബാലനും കൈയെഴുത്തുപ്രതി വിദഗ്ദ്ധനും (calligrapher) ഒരു സെമിനാരിക്കാരനും ആയിരുന്നു. ഫിലിപ്പിയൻസിലെ മനിലക്കടുത്തുള്ള ബിനോൻഡോയിൽ 1594 നവംബർ 28-ന് ചൈനീസ് വംശജനായ പിതാവിന്റെയും ഫിലിപ്പിയൻകാരി മാതാവിന്റെയും മകനായി ലോറൻസോ റൂയിസ് ജനിച്ചു. മാതാപിതാക്കൾ കത്തോലിക്കരായിരുന്നതിനാൽ ക്രിസ്തീയവിശ്വാസത്തിലാണ് അവൻ വളർന്നത്. സന്തോഷത്തോടും തീക്ഷ്ണതയോടുംകൂടെ അൾത്താരയിൽ ശുശ്രൂഷ ചെയ്തിരുന്ന ലോറൻസോ പരിശുദ്ധ ജപമാലറാണിയുടെ ഡൊമിനിക്കൻ സഭയിൽ ചേർന്നു.

3. സെമിനാരിയിൽനിന്നു വന്നതിനുശേഷം ലോറൻസോ, റോസാരിയോ എന്ന സ്ത്രീയെ വിവാഹം ചെയ്തു. ആ ദാമ്പത്യവല്ലരിയിൽ മൂന്നു കുഞ്ഞുങ്ങൾ പിറന്നു.

4. 1636-ൽ ഒരു സെപ്യൻകാരന്റെ മരണത്തിൽ കുറ്റാരോപിതനായ ലോറൻസോ സുരക്ഷയ്ക്കായി സ്വഭവനത്തിൽനിന്നു പലായനം ചെയ്യുകയും ഒരു കപ്പലിൽ അഭയം തേടുകയും ചെയ്തു. മൂന്ന് ഡൊമിനിക്കൻ പുരോഹിതരും ഒരു കുഷ്ഠരോഗിയും ആ കപ്പലിലുണ്ടായിരുന്നു. ജൂൺ പത്താം തീയതി കപ്പൽ ഫിലിപ്പിയൻസിൽ നിന്ന് ജപ്പാനിലേക്കു പുറപ്പെട്ടു. ജപ്പാനിലെത്തിയ അവരെ കാത്തിരുന്നത് ശുഭകരമായ വാർത്തയല്ലായിരുന്നു. ജപ്പാനിലെ, അന്നത്തെ ഭരണാധികാരികൾ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നവരായിരുന്നു. ക്രിസ്ത്യാനി ആയതിനാൽ അറസ്റ്റ് ചെയ്യപ്പെട്ട ലോറൻസോ, വിശ്വാസം പരിത്യജിക്കാൻ വഴങ്ങിയില്ല. തൽഫലമായി രണ്ടുവർഷത്തേക്ക് കാരാഗൃഹത്തിലടയ്ക്കപ്പെട്ടു.

ലോറൻസോയും കൂട്ടാളികളും പലതരത്തിലുള്ള ക്രൂരമായ പീഡനരീതികൾ സഹിച്ചു. 1637 സെപ്റ്റംബർ 27-ന്, ലോറെൻസോയെയും കൂട്ടാളികളെയും നിഷിസാക്ക കുന്നിലേക്കു കൊണ്ടുപോയി, അവിടെ ഒരു കുഴിയിൽ തലകീഴായി തൂക്കിയിട്ട് പീഡിപ്പിച്ചു. രണ്ടു ദിവസത്തിനുശേഷം 1637 സെപ്റ്റംബർ 29-ന് 42-ാം വയസ്സിൽ ലോറൻസോ രക്തസാക്ഷിത്വം വരിച്ചു.

5. ” ഞാൻ ഒരു കത്തോലിക്കനാണ്. പൂർണ്ണഹൃദയത്തോടെ ദൈവത്തിനുവേണ്ടി മരണം ഞാൻ സ്വീകരിക്കുന്നു. എനിക്ക് ആയിരം ജീവിതങ്ങൾ തന്നാലും അതെല്ലാം അവനു ഞാൻ നൽകും. നിങ്ങൾക്ക് ഇഷ്ടമുള്ളത് എന്നോടു ചെയ്യുക” – ലോറൻസോയുടെ അവസാന വാക്കുകളായിരുന്നു ഇവ.

6. ലോറൻസോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനു കാരണമായ അത്ഭുതം നടന്നത് 1983-ലാണ്. അൾജീറിയിൽ നിന്നുള്ള രണ്ടുവയസ്സുകാരി പോളികാർപ്പിയോ ജന്മനാതന്നെ ഹൈസ്രോസെഫാലി എന്ന രോഗത്താൽ ക്ലേശിക്കുന്നവളായിരുന്നു. ആ കുട്ടിക്ക് ലോറൻസോ റൂയിസിന്റെ മാധ്യസ്ഥത്താൽ അത്ഭുത രോഗശാന്തി കിട്ടി. 1987 ഒക്ടോബർ 18ാം തീയതി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ലോറൻസോ റൂയിസിനെ വിശുദ്ധപദവിയിലേക്ക് ഉയർത്തി.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.