തട്ടിക്കൊണ്ടു പോയി നിർബന്ധിത മതപരിവർത്തനം നടത്തിയ കോപ്റ്റിക് ക്രൈസ്തവ യുവതിക്ക് മോചനം

ഈജിപ്തിലെ ബെനി സൂഫ് പ്രവിശ്യയിൽ നിന്നും ഏപ്രിൽ അഞ്ചിനാണ് കോപ്റ്റിക് ക്രൈസ്തവ യുവതി മറിയം വഹീബിനെയും മകളെയും തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ച് മതംമാറ്റിയത്. ഏപ്രിൽ 14 -ന് അതിരാവിലെ മറിയത്തെയും മകളെയും കുടുംബത്തോടൊപ്പം മോചിപ്പിക്കുവാന്‍ കഴിഞ്ഞു. അദ്ധ്യാപികയും അൻബ അന്റോണിയസ് പള്ളിയിലെ സജീവ വിശ്വാസിയുമായിരുന്നു മറിയവും കുടുംബവും.

ക്ലിനിക്കിലേക്ക് പോകുന്നതിനിടെയാണ് ഇരുവരും തട്ടിക്കൊണ്ടു പോകപ്പെട്ടത്. ഏപ്രിൽ 13 -ന് തട്ടിക്കൊണ്ടു പോകപ്പെട്ടതിനു ശേഷം മറിയം ഇസ്ലാം മതം സ്വീകരിച്ചതായി പ്രഖ്യാപിക്കപ്പെട്ടുകൊണ്ട് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ, സമ്മർദത്തിനു വഴങ്ങിയാണ് വീഡിയോ ചെയ്തതെന്ന് ഭർത്താവ് ജോസഫ് സാദ് ഉൾപ്പെടെയുള്ളവർക്ക് വ്യക്തമായിരുന്നു. തട്ടിക്കൊണ്ടുപോയ ദിവസം രേഖപ്പെടുത്തിയ മതപരിവർത്തന സർട്ടിഫിക്കറ്റ് മറിയത്തിന്റെ കൈവശം ഉണ്ടായിരുന്നു.

“എനിക്ക് എന്റെ ഭാര്യയെ നന്നായി അറിയാം, അവൾ സങ്കടവും ഭയവും നിറഞ്ഞ സ്വരത്തിലാണ് വീഡിയോയിൽ സംസാരിച്ചത്. ഈ വീഡിയോ സമ്മർദ്ദത്തിന്റെ പേരിലാണ് ചിത്രീകരിച്ചതെന്ന് ഇത് സ്ഥിരീകരിക്കുന്നു. എന്റെ ഭാര്യക്ക് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിൽ, അവളെ കാണാൻ അവർ ഞങ്ങളെ അനുവദിക്കും. മകളുടെതെന്ന് തിരിച്ചറിയുന്ന കരയുന്ന സ്വരവും വീഡിയോയിൽ കേൾക്കാവുന്നതാണ്” – വീഡിയോയെക്കുറിച്ച് ഭർത്താവ് സാദ് അഭിപ്രായപ്പെട്ടു.

വീഡിയോ പുറത്തുവന്നതിനു ശേഷം മറിയം വഹീബിനെയും മകളെയും കണ്ടെത്താനും അവരെ സുരക്ഷിതമായി വീട്ടിലെത്തിക്കാനും ഗവൺമെന്റ് അധികൃതർക്കു കഴിഞ്ഞു. ഏപ്രിൽ ഏഴിന് അലക്സാണ്ട്രിയയിൽ ഫാ. അർസാനിയസ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കോപ്റ്റിക് ക്രിസ്ത്യൻ യുവതിയെ തട്ടിക്കൊണ്ടു പോയ വാർത്ത പുറത്തുവരുന്നത്.

ഈജിപ്തിൽ ക്രിസ്ത്യാനികൾക്കെതിരായ സമീപകാല പീഡനങ്ങളെക്കുറിച്ച് കോപ്റ്റിക് സഭയുടെ തലവൻ തവാദോസ് രണ്ടാമൻ തന്റെ പ്രസ്താവനയിലൂടെ ആശങ്ക വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.