നൈജറിൽ തട്ടിക്കൊണ്ടുപോകപ്പെട്ട അമേരിക്കൻ മിഷനറിയെ മോചിപ്പിച്ചതായി ക്രിസ്ത്യൻ സംഘടന

നൈജറിൽ എട്ടു മാസത്തിലേറെയായി തടവിലായിരുന്ന അമേരിക്കൻ മിഷനറിയെ മോചിപ്പിച്ചതായി അദ്ദേഹം പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ക്രിസ്ത്യൻ സംഘടന അറിയിച്ചു. കഴിഞ്ഞ വർഷം, നൈജറിന്റെ തലസ്ഥാനമായ നിയാമേയിലെ വീടിന് മുന്നിൽ വച്ച് തട്ടിക്കൊണ്ടുപോകപ്പെട്ട കെവിൻ റൈഡ്ഔട്ട് ഇപ്പോൾ “യുഎസ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിൽ പൂർണ്ണ ആരോഗ്യവാനായിരിക്കുന്നു” എന്ന് ‘സിം ഇന്റർനാഷണൽ’ (SIM International) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

റൈഡ്ഔട്ടിന്റെ മോചനത്തെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്ത ന്യൂയോർക്ക് ടൈംസ്, അദ്ദേഹം ഇപ്പോൾ എഫ്ബിഐ (FBI) കസ്റ്റഡിയിലാണെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വ്യക്തമാക്കി. എന്നാൽ, അദ്ദേഹം എങ്ങനെ മോചിപ്പിക്കപ്പെട്ടുവെന്നോ, ഏത് സംഘമാണ് തടവിലാക്കിയിരുന്നതെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ വ്യക്തമല്ല. അക്രമവും തട്ടിക്കൊണ്ടുപോകലും പ്രധാന ആയുധമാക്കുന്ന തീവ്രവാദി സംഘങ്ങളാണ് റൈഡ്ഔട്ടിനെ തട്ടിക്കൊണ്ടുപോയതെന്ന ആശങ്കയും നിലനിന്നിരുന്നു.

ഒക്ടോബറിൽ സായുധരായ മൂന്ന് വ്യക്തികളാണ് റൈഡ്ഔട്ടിനെ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് പേരു കേട്ട പടിഞ്ഞാറൻ തില്ലാബേരി മേഖലയിലേക്ക് തട്ടിക്കൊണ്ടുപോയതെന്ന് നയതന്ത്ര കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അൽ-ഖ്വയ്ദയുമായി ബന്ധമുള്ളതും മേഖലയിലെ നിരവധി ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതുമായ ജമാഅത്ത് നുസ്രത്തുൽ ഇസ്ലാം വൽ മുസ്ലിമീൻ (JNIM) പോലുള്ള തീവ്രവാദി ഗ്രൂപ്പുകളാണ് ഇദ്ദേഹത്തെ കൊണ്ടുപോയതെന്ന ഭയവുമുണ്ടായിരുന്നു.

അയൽരാജ്യങ്ങളായ നൈജീരിയ, മാളി, ബുർക്കിന ഫാസോ എന്നിവിടങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ വർഷങ്ങളായി നൈജറിലെ സാധാരണക്കാരെയും സൈന്യത്തെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നുണ്ട്. ജിഹാദികൾ സർക്കാരിന്റെ സുരക്ഷാസേനയുമായും പാശ്ചാത്യ-സഖ്യസേനകളുമായും ഏറ്റുമുട്ടുന്നതോടെ മേഖലയിൽ അക്രമസംഭവങ്ങൾ രൂക്ഷമായിരിക്കുകയാണ്.

റൈഡ്ഔട്ടിനെ തട്ടിക്കൊണ്ടുപോയി ദിവസങ്ങൾക്കകം തന്നെ, ഭീകരവാദം, കുറ്റകൃത്യങ്ങൾ, ആഭ്യന്തര പ്രക്ഷോഭങ്ങൾ എന്നിവയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ നൈജറിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്ക സ്വന്തം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പൈലറ്റ് കൂടിയായ റൈഡ്ഔട്ടിനെ മോചനത്തിന് തൊട്ടുമുമ്പ് മറ്റൊരു ഗ്രൂപ്പിന് കൈമാറിയിട്ടുണ്ടാകാമെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഉടൻ തന്നെ റൈഡ്ഔട്ട് ഭാര്യയോടും മക്കളോടും മറ്റ് കുടുംബാംഗങ്ങളോടും ഒപ്പം ചേരുമെന്നും സിം ഇന്റർനാഷണൽ അറിയിച്ചു.

എഴുപതിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സിം ഇന്റർനാഷണലിന്റെ പൈലറ്റായും ക്രിസ്ത്യൻ മിഷനറിയായും കഴിഞ്ഞ 19 വർഷമായി റൈഡ്ഔട്ട് നൈജറിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് മാസങ്ങളോളം നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് ശേഷം വന്ന ഈ വാർത്ത “വളരെ സന്തോഷകരമായ ഒന്നാണ്” എന്ന് സംഘടന വ്യക്തമാക്കി. “റൈഡ്ഔട്ട് തടവിലായിരുന്ന കാലമത്രയും ലോകമെമ്പാടുമുള്ള ജനങ്ങൾ അദ്ദേഹത്തിനായി നടത്തിയ പ്രാർഥനകൾക്ക് ക്രിസ്റ്റയും റൈഡ്ഔട്ടിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ആത്മാർഥമായ നന്ദി അറിയിക്കുന്നു,” സംഘടന കൂട്ടിച്ചേർത്തു. അതേസമയം, ഈ വേർപിരിയലിനു ശേഷം കുടുംബം ഒത്തുചേരുന്ന ഈ സമയത്ത് തങ്ങൾക്ക് സ്വകാര്യത നൽകണമെന്ന് കുടുംബാംഗങ്ങൾ അഭ്യർഥിച്ചതായും പ്രസ്താവനയിൽ പറയുന്നു.

പടിഞ്ഞാറൻ ആഫ്രിക്കയിലെയും സഹേൽ (Sahel) മേഖലയിലെയും നിരവധി രാജ്യങ്ങൾ ഭീകരാക്രമണങ്ങൾ കൊണ്ട് വലയുന്നതിനിടയിലാണ് റൈഡ്ഔട്ടിന്റെ മോചനം.

നൈജർ, മാളി, ബുർക്കിന ഫാസോ, നൈജീരിയ എന്നീ രാജ്യങ്ങൾ ഒന്നര പതിറ്റാണ്ടിലേറെയായി അനുഭവിക്കുന്ന അക്രമങ്ങളിൽ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും മേഖലയിൽ കടുത്ത അസ്ഥിരത ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യ സർക്കാരുകളെ പുറന്തള്ളിക്കൊണ്ടുള്ള സൈനിക അട്ടിമറികൾക്കും ഈ മേഖല സാക്ഷ്യം വഹിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.