
നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് ഓഗസ്റ്റ് രണ്ട് മുതൽ ഫുലാനി തീവ്രവാദികൾ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ 16 ക്രൈസ്തവർ കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. മറ്റ് രണ്ട് സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അങ്ങനെ 31 ഓളം ക്രൈസ്തവരാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജോസിന് (Jos) തെക്കുപടിഞ്ഞാറുള്ള റിയോം (Riyom) പ്രദേശത്തെ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള അഞ്ച് ഗ്രാമങ്ങളാണ് ആയുധധാരികളായ സംഘം ആക്രമിച്ചത്. ഓഗസ്റ്റ് 12 ചൊവ്വാഴ്ച രാത്രി ക്യങ് (Kyeng), ഗ്വാ-വെറെങ് റിം (Gwa-Wereng Rim) എന്നീ ഗ്രാമങ്ങളിൽ സംഘം നടത്തിയ ആക്രമണത്തിൽ ബുലൂസ് മ്വാഗ്വോങ്, സ്റ്റീഫൻ ദാചോല്ലോം കാസെ എന്നീ രണ്ട് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. കൂടാതെ അക്രമിസംഘം, ഡൊറോങ്, ജോൾ എന്നീ ഗ്രാമങ്ങളിലെ വീടുകൾക്ക് തീയിടുകയും ക്രൈസ്തവർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു.
ഗ്രാമപ്രദേശങ്ങളിലെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും സുരക്ഷയ്ക്കും കടുത്ത ഭീഷണിയാണ് ഇത്തരം ആക്രമണങ്ങളെന്ന് അഭിഭാഷകനായ ദാലിയോപ് സോളമൻ മ്വാന്തിരി പറഞ്ഞു. ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നൈജീരിയൻ സർക്കാർ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തോറോക് ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ റിം വാർഡിലെ മുൻ ലോക്കൽ കൗൺസിൽ ജനപ്രതിനിധിയായ ഡേവിഡ് ദാചോല്ലോം ദാൻജുമ കൊല്ലപ്പെട്ടു. ഈ സംഭവത്തെ നൈജീരിയൻ നാഷണൽ അസംബ്ലി അംഗമായ ഫോം ദാലിയോപ് ചോല്ലോം ശക്തമായി അപലപിച്ചു. ജനങ്ങളുടെ സമാധാനത്തിനും ജനാധിപത്യത്തിനും മേലുള്ള ക്രൂരമായ ഭീകരാക്രമണമാണിതെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കുറ്റവാളികളെ ഉടനടി പിടികൂടി നീതി ഉറപ്പാക്കാൻ സുരക്ഷാ ഏജൻസികളോട് ആവശ്യപ്പെടുകയും ജനങ്ങളോട് സമാധാനവും ജാഗ്രതയും പാലിക്കാൻ അഭ്യർഥിക്കുകയും ചെയ്തു.




