നീണ്ട 138 വർഷത്തെ സേവനത്തിന് വിട: അലാസ്കയിലെ ശുശ്രൂഷകൾ അവസാനിപ്പിച്ച് ഈശോസഭ

അലാസ്കയിലെ ആർട്ടിക് മഞ്ഞുമേഖലയിൽ ഒന്നര നൂറ്റാണ്ടോളം നീണ്ടുനിന്ന ചരിത്രപരമായ മിഷനറി ദൗത്യം അവസാനിപ്പിച്ച് ഈശോസഭാ സന്യാസസമൂഹം വിടപറഞ്ഞു. ഓർമ്മകളുടെ പ്രകാശവും ഭാവിയിലേക്കുള്ള പ്രത്യാശയും പങ്കുവച്ചുകൊണ്ടാണ് 138 വർഷം നീണ്ട ഈ അപൂർവ ദൗത്യത്തിന് വൈദികർ ഔദ്യോഗികമായി തിരശ്ശീലയിട്ടത്.

1886-ലാണ് ഈശോസഭാ വൈദികർ അലാസ്കയിൽ എത്തിയത്. കഠിനമായ തണുപ്പും മഞ്ഞുവീഴ്ചയും ഗതാഗത സൗകര്യങ്ങളുടെ കുറവും മറികടന്ന് സ്നോമൊബീലുകളിലും ബോട്ടുകളിലും സഞ്ചരിച്ചാണ് വൈദികർ പ്രാദേശിക ആദിവാസി ജനവിഭാഗങ്ങൾക്കിടയിൽ (Inupiat & Yup’ik) അജപാലന സേവനം എത്തിച്ചത്. ഗ്രാമങ്ങളിൽ സ്കൂളുകളും ചാപ്പലുകളും സ്ഥാപിക്കുകയും, പ്രദേശവാസികളായ ജനങ്ങളുടെ ഭാഷയും സംസ്കാരവും സംരക്ഷിക്കാൻ മുൻകൈ എടുക്കുകയും ചെയ്തത് ഈശോസഭയുടെ പ്രധാന നേട്ടങ്ങളിൽ ഒന്നായിരുന്നു.

അലാസ്കയിലെ ഫെയർബാങ്ക്സ് രൂപതയിൽ സേവനം അനുഷ്ഠിച്ചിരുന്ന ഈശോസഭ, വൈദികരുടെ എണ്ണത്തിലുണ്ടായ കുറവും ദൗത്യങ്ങളുടെ പുനഃക്രമീകരണവും മൂലമാണ് സന്യാസ സമൂഹത്തിന്റെ ഭരണ നേതൃത്വം ഈ തീരുമാനത്തിലേക്ക് എത്തിയത്. “വളരെ വേദനയോടെയാണെങ്കിലും നന്ദി നിറഞ്ഞ ഹൃദയത്തോടെയാണ് ഞങ്ങൾ വിടപറയുന്നത്. അലാസ്കയിലെ ജനങ്ങൾ ഞങ്ങൾക്ക് നൽകിയ സ്നേഹവും അവരുടെ ദൃഢവിശ്വാസവും എന്നും ഞങ്ങളുടെ ഓർമ്മകളിലുണ്ടാകും. സഭയുടെ പ്രാദേശിക നേതൃത്വത്തിനും അല്മായർക്കും ഈ ദൗത്യം ഇനി സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന പൂർണ്ണ പ്രത്യാശയുണ്ട്,” ഈശോസഭാ നേതൃത്വം വ്യക്തമാക്കി.

ഈശോസഭാ വൈദികർ ഒഴിഞ്ഞതോടെ അവിടുത്തെ ഇടവകകളുടെയും അപ്പോസ്റ്റോലിക് പ്രവർത്തനങ്ങളുടെയും സമ്പൂർണ്ണ ചുമതല ഫെയർബാങ്ക്സ് രൂപത നേരിട്ട് ഏറ്റെടുത്തു. പ്രാദേശിക അല്മായർക്കും രൂപതാ വൈദികർക്കും പരിശീലനം നൽകി മിഷൻ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരാനാണ് രൂപത ലക്ഷ്യമിടുന്നത്. ഒരു യുഗത്തിന്റെ അവസാനമാണെങ്കിലും, അലാസ്കയിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഈശോസഭ നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.