ഉറുഗ്വേയിൽ പാപ്പ നൽകിയ സന്ദേശത്തിലെ പ്രധാനപ്പെട്ട പത്ത് കാര്യങ്ങൾ

ലെയോ പതിനാലാമൻ മാർപാപ്പ ഉറുഗ്വേയിലെ ഭരണാധികാരികൾക്കും സിവിൽ സമൂഹത്തിനും നയതന്ത്ര പ്രതിനിധികൾക്കുമായി നൽകിയ പ്രസംഗത്തിലെ പത്ത് പ്രധാന ഉദ്ധരണികൾ ഇതാ.

  • ഒരു പുതിയ ജീവനെ സ്വാഗതം ചെയ്യുന്നതിന് അമ്മയോടൊപ്പം അച്ഛന്റെ പ്രതിബദ്ധതയും കുടുംബത്തിന്റെ പിന്തുണയും കുഞ്ഞുങ്ങളെ വളർത്താനും പരിചരിക്കാനും സഹായിക്കുന്ന സാമൂഹിക അന്തരീക്ഷവും ആവശ്യമാണ്. ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ സംരക്ഷണവും അവരെ സ്വീകരിക്കുന്നവർക്കുള്ള പിന്തുണയും വേർപെടുത്താനാവാത്തതാണ്. ഓരോ വ്യക്തിയും സ്വീകരിക്കപ്പെടുന്നതും മറ്റുള്ളവരുമായി ഒത്തുജീവിക്കാൻ പഠിക്കുന്നതുമായ ആദ്യ സങ്കേതം കുടുംബമാണ്.
  • പുതിയ സാങ്കേതികവിദ്യകളുടെ വികസനം മനുഷ്യന്റെ കഴിവുകൾ വർധിപ്പിക്കുന്നതിനും ജോലികൾ എളുപ്പമാക്കുന്നതിനും പുതിയ സാധ്യതകൾ തുറക്കുന്നതിനും വേണ്ടിയായിരിക്കണം. തൊഴിലെടുക്കുന്ന വ്യക്തി ഉൽപാദന പ്രക്രിയയിലെ കേവലം മാറ്റിസ്ഥാപിക്കപ്പെടാവുന്ന ഒരു ഉപകരണം മാത്രമായി ചുരുങ്ങുന്നില്ല എന്ന് ഉറപ്പാക്കണം.
  • ഓരോ വ്യക്തിക്കും അന്തസ്സോടെ ജീവിക്കാനും ആവശ്യമായ പരിചരണം ലഭിക്കാനും സ്വാഭാവിക മരണം വരെ പിന്തുണ നൽകാനും ഉറപ്പുവരുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്.
  • ആത്മഹത്യ എന്ന വേദനാജനകമായ യാഥാർഥ്യത്തെ നേരിടുമ്പോൾ ആരോഗ്യസംരക്ഷണവും കുടുംബബന്ധങ്ങളും സാമൂഹികപിന്തുണയും വേർപെടുത്താനാവാത്തവയാണ്. തന്റെ പ്രിയപ്പെട്ടവരുടെ ഇടയിൽ താൻ ഒരു അപരിചിതനാണെന്നോ, തന്റെ സാന്നിധ്യത്തേക്കാൾ പ്രധാനം താനില്ലാത്തതാണെന്നോ ഒരാൾക്കും ഒരിക്കലും തോന്നരുത്.
  • അടുത്ത കാലത്തായി രോഗം മൂലമുണ്ടാകുന്ന പരിമിതികൾ ഞാൻ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്; എനിക്ക് ലഭിച്ച ശുശ്രൂഷകൾക്ക് ഞാൻ ഏറെ നന്ദിയുള്ളവനുമാണ്. കൃത്യസമയത്ത് രോഗനിർണ്ണയം നടത്താനോ, ആവശ്യമായ ചികിത്സകൾ ലഭിക്കാനോ സാമ്പത്തിക മാർഗമില്ലാത്ത നിരവധിയായ സ്ത്രീകളെയും പുരുഷന്മാരെയുമാണ് ഈ അനുഭവം എന്നെ ഓർമ്മിപ്പിക്കുന്നത്.
  • ഒരു വ്യക്തിയുടെ സാമ്പത്തികശേഷി നോക്കാതെ എല്ലാവർക്കും ആരോഗ്യസംരക്ഷണം ലഭ്യമാണെന്ന് ഉറപ്പാക്കുക എന്നത് ഒരോ സമൂഹത്തിനും മുന്നിലുള്ള വലിയൊരു ഉത്തരവാദിത്തമാണ്.
  • സമ്പത്തുണ്ടാക്കലും നിക്ഷേപങ്ങളും പൊതു-സ്വകാര്യമേഖലകളിലെ സാമ്പത്തിക സംരംഭങ്ങളും ഒരു രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണ്. എന്നാൽ, അവയുടെ ഫലങ്ങൾ എല്ലാവരിലേക്കും ഫലപ്രദമായി എത്തുന്ന സേവനങ്ങളും അവസരങ്ങളുമായി മാറണം.
  • വിശ്വാസികൾക്കും അവിശ്വാസികൾക്കും സ്വതന്ത്രമായും ബഹുമാനത്തോടും കൂടെ ഒരുമിച്ചു ജീവിക്കാനുള്ള അന്തരീക്ഷമൊരുക്കുക എന്നതാണ് ഒരു മതേതര സർക്കാരിന്റെ ദൗത്യം. കാരണം, ചില മൂല്യങ്ങൾ സാർവത്രികമാണ്. ഈ നിഷ്പക്ഷത എന്നത് മതപരമായ കാര്യങ്ങളെ കേവലം ഒരു വ്യക്തിഗത അതിരുകൾക്കുള്ളിൽ മാത്രം അടച്ചിടണമെന്ന് അർഥമാക്കുന്നില്ല.
  • അഭിപ്രായവ്യത്യാസങ്ങൾ എളുപ്പത്തിൽ ഏറ്റുമുട്ടലുകളായി മാറാവുന്ന ഈ കാലഘട്ടത്തിൽ, നിയമത്തോടുള്ള ആദരവിലും ചർച്ചകളിലും ക്ഷമയോടെയുള്ള ധാരണകളിലും ഉറച്ചുനിൽക്കുന്നതുവഴി അയൽരാജ്യങ്ങൾക്ക് മാതൃകയാകാൻ ഉറുഗ്വേയ്ക്ക് സാധിക്കും.
  • കഴിയുന്നത്ര ദുരിതങ്ങൾ ലഘൂകരിക്കാനും അത് സാധ്യമല്ലാത്തപ്പോൾ ആ വ്യക്തിക്ക് താങ്ങാവാനും പ്രവർത്തിക്കുന്ന എല്ലാവരുമായും സഹകരിക്കാൻ തിരുസഭ ആഗ്രഹിക്കുന്നു. മനുഷ്യസാധ്യതകൾ അവസാനിക്കുന്നിടത്തും മരിക്കാത്ത പ്രത്യാശയാണ് തിരുസഭ പങ്കുവയ്ക്കുന്നത്. പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരോട് അവരുടെ ജീവിതത്തിന് എപ്പോഴും അർഥവും മൂല്യവുമുണ്ടെന്നും അവർ തനിച്ചല്ലെന്നും ഇരുളിലും ദൈവത്തിന്റെ സ്നേഹം അവരോടൊപ്പമുണ്ടെന്നും തിരുസഭ ഓർമ്മിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.