
ലെബനനിൽ തുടരുന്ന അതിരൂക്ഷമായ സാമ്പത്തിക തകർച്ചയും സൈനിക സംഘർഷങ്ങളും മൂലം രാജ്യത്തെ ക്രൈസ്തവ സ്കൂളുകളും സാധാരണ കുടുംബങ്ങളും കടുത്ത പ്രതിസന്ധിയിലേക്ക് നിപതിക്കുന്നതായി റിപ്പോർട്ട്. കുതിച്ചുയരുന്ന പണപ്പെരുപ്പവും ഉപജീവന മാർഗങ്ങളുടെ തകർച്ചയും മൂലം മക്കളുടെ സ്കൂൾ ഫീസ് അടയ്ക്കാനോ, അടിസ്ഥാന ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റാനോ കഴിയാതെ ആയിരക്കണക്കിന് മാതാപിതാക്കൾ വലയുകയാണ്.
വർഷങ്ങളായി ലെബനനിലെ വിദ്യാഭ്യാസ രംഗത്തിന്റെ പ്രധാന ആണിക്കല്ലായി പ്രവർത്തിക്കുന്ന കത്തോലിക്കാ-ക്രൈസ്തവ മാനേജ്‌മെന്റ് വിദ്യാലയങ്ങൾക്ക്, അധ്യാപകരുടെ വേതനം നൽകാനും പ്രതിദിന ചെലവുകൾ മുന്നോട്ട് കൊണ്ടുപോകാനും കഴിയാത്ത സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. വിദ്യാർഥികളിൽ ഭൂരിഭാഗവും ഫീസ് അടയ്ക്കാൻ സാധിക്കാത്ത അവസ്ഥയിലായതോടെ പല സ്കൂളുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പണമില്ലാത്ത സാഹചര്യത്തിൽ മാതാപിതാക്കളിൽ നിന്ന് സ്കൂൾ ഫീസ് പ്രതീക്ഷിക്കുന്നത് അപ്രായോഗികമാണെന്ന് ജീവകാരുണ്യ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. പ്രാദേശിക കറൻസിയുടെ മൂല്യത്തകർച്ച കാരണം അധ്യാപകർക്ക് മാന്യമായ വേതനം നൽകാൻ മാനേജ്‌മെന്റുകൾക്ക് സാധിക്കുന്നില്ല. ഇത് അധ്യാപകരുടെയും ജീവനക്കാരുടെയും വൻ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നു. കേവലം ക്രൈസ്തവ കുട്ടികൾക്ക് മാത്രമല്ല, രാജ്യത്തെ വിവിധ മതവിഭാഗങ്ങളിൽപെട്ട ആയിരക്കണക്കിന് വിദ്യാർഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നത് ഈ വിദ്യാലയങ്ങളാണ്. അതിനാൽ സ്കൂളുകളുടെ തകർച്ച രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ തന്നെ സാരമായി ബാധിക്കുന്ന അവസ്ഥയാണ് നിലവിൽ.
ക്രൈസ്തവ സ്കൂളുകൾ പൂട്ടേണ്ടി വന്നാൽ ലെബനനിലെ ചരിത്രപരമായ ക്രിസ്ത്യൻ സാന്നിധ്യത്തെയും ചരിത്രപരമായ സാമൂഹിക സന്തുലിതാവസ്ഥയെയും അത് ദോഷകരമായി ബാധിക്കുമെന്ന ഭയം പ്രാദേശിക സമൂഹത്തിനുണ്ട്. അതിനാൽ തന്നെ സഹായത്തിനായുള്ള അഭ്യർഥനയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇവിടത്തെ ക്രൈസ്തവ സമൂഹം.




