
അധ്യാപകർക്കും ജീവനക്കാർക്കും യാത്രാനുമതി നിഷേധിച്ച ഇസ്രായേൽ നടപടിയെ തുടർന്ന് ജറുസലേമിലെ എല്ലാ ക്രിസ്ത്യൻ സ്കൂളുകളും പ്രവർത്തനം അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. ഈ വർഷം ഇത് രണ്ടാം തവണയാണ് പെർമിറ്റ് പ്രതിസന്ധിയെ തുടർന്ന് മേഖലയിൽ ക്ലാസുകൾ തടസ്സപ്പെടുന്നത്.
വെസ്റ്റ് ബാങ്കിൽ താമസിക്കുന്ന എഴുപതിലധികം അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ജറുസലേമിലേക്ക് പ്രവേശിക്കാനുള്ള പെർമിറ്റ് ഇസ്രായേൽ പുതുക്കി നൽകിയിട്ടില്ല. ഇതോടെ ഏതാണ്ട് 8,500-ഓളം വിദ്യാർഥികളുടെ പഠനമാണ് വഴിമുട്ടിയിരിക്കുന്നത്. ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് സ്‌കൂളുകളെ താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചത്. രക്ഷാകർതൃ പ്രതിനിധികളുമായും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച ശേഷമാണ് ക്ലാസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്നും, ആവശ്യമായ പെർമിറ്റുകൾ ലഭിക്കുന്നതുവരെ സ്കൂളുകൾ അടഞ്ഞുകിടക്കുമെന്നും ക്രൈസ്തവ നേതൃത്വം അറിയിച്ചു. ലാറ്റിൻ പാത്രിയാർക്കേറ്റ്, കസ്റ്റഡി ഓഫ് ദി ഹോളി ലാൻഡ് എന്നിവയ്ക്ക് കീഴിലുള്ള കത്തോലിക്കാ സ്കൂളുകൾക്ക് പുറമെ ആർമേനിയൻ സമുദായത്തിന് കീഴിലുള്ള സ്കൂളുകളും ഈ പ്രതിഷേധത്തിൽ പങ്കുചേരുന്നുണ്ട്.
അധ്യാപകരുടെ അഭാവം അധ്യാപനത്തെ മാത്രമല്ല, ഭരണനിർവഹണം, വിദ്യാർഥികളുടെ സുരക്ഷ, ശുചിത്വം എന്നിവയെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. അധ്യാപകരും ജീവനക്കാരുമില്ലാതെ വിദ്യാർഥികൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ സാധിക്കില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. നൂറ്റാണ്ടുകളായി ജറുസലേമിന്റെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയിൽ ക്രിസ്ത്യൻ സ്കൂളുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ക്രിസ്ത്യൻ സാന്നിധ്യത്തിനും സംസ്കാരത്തിനും മേലുള്ള ഇസ്രായേലിന്റെ കടന്നുകയറ്റങ്ങളുടെ തുടർച്ചയാണിതെന്ന് പ്രമുഖ ക്രൈസ്തവ നേതാക്കൾ ആരോപിച്ചു.




