ദക്ഷിണ സുഡാനിൽ സന്ന്യാസിനിമാർക്കു നേരെ ആക്രമണം

ഓഗസ്റ്റ് 30 ഞായറാഴ്ച, രാവിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത ശേഷം തോറിറ്റിൽ നിന്ന് ജൂബയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സിസ്റ്റർ ഹെലൻ, സിസ്റ്റർ അൻസ എന്നീ രണ്ട് കർമലീത്ത സന്ന്യാസിനികൾക്ക് നേരെ ആക്രമണമുണ്ടായി. ഇവർ സഞ്ചരിച്ചിരുന്ന വാഹനം വഴിയിൽ വച്ച് അക്രമികൾ തടയുകയായിരുന്നു.

‘റേഡിയോ ഇമ്മാനുവൽ 89’ നൽകുന്ന വിവരമനുസരിച്ച്, ആക്രമണത്തിനിടെ ഒരു അക്രമി തോക്കിന്റെ കുഴൽ കൊണ്ട് സിസ്റ്റർ ഹെലന്റെ തലയ്ക്കടിച്ചതിനെ തുടർന്ന് അവർക്ക് പരിക്കേറ്റു. സന്ന്യാസിനിമാരുടെയും ഒപ്പമുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെയും എല്ലാ സാധനസാമഗ്രികളും അക്രമികൾ കവർന്നു. സംഭവത്തിനിടെ രണ്ട് കുട്ടികളെ അക്രമികൾ തട്ടിക്കൊണ്ടുപോയതായും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിവരമറിഞ്ഞ ഉടൻ തന്നെ ബിഷപ്പ് ഇമ്മാനുവൽ ബെർണാർഡിനോ ലോവി നപെറ്റ ജൂബയിൽ നിന്ന് അടിയന്തര സഹായം ലഭ്യമാക്കി. ജൂബയിലേക്ക് യാത്രതിരിച്ച സിസ്റ്റർ ഹെലന് അവിടെ തുടർചികിത്സ നൽകും.

2021 ഓഗസ്റ്റ് 16-ന് ഇതേ റോഡിൽ വച്ച് കോൺഗ്രിഗേഷൻ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസിലെ മുൻ സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി ഡാനിയൽ അബുട്ട്, ജനറൽ കൗൺസിൽ അംഗമായിരുന്ന സിസ്റ്റർ റെജീന റോബ എന്നീ രണ്ട് സന്ന്യാസിനിമാർ കൊല്ലപ്പെട്ടിരുന്നു. ഔർ ലേഡി ഓഫ് ദ അസംപ്ഷൻ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം ജൂബയിലേക്ക് മടങ്ങവേയാണ് അവർ ദാരുണമായി കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.