
സ്പെയിനിലെ ഗ്രനാഡയിലുണ്ടായ ഭൂചലന പരമ്പരകളെ തുടർന്ന് പ്രശസ്തമായ ഗ്രനാഡ കത്തീഡ്രൽ (Catedral de Granada) ഉൾപ്പെടെ നിരവധി കത്തോലിക്കാ ദൈവാലയങ്ങൾ താൽക്കാലികമായി അടച്ചിട്ടു. സുരക്ഷാ ആശങ്കകളെ തുടർന്നാണ് ഗ്രനാഡ അൽച്ചരൂപത ആരാധനാലയങ്ങൾ അടച്ചിടാൻ തീരുമാനിച്ചത്.
ആഗസ്റ്റ് 15-നാണ് പ്രദേശത്ത് ആദ്യമായി ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. തുടർന്ന് ആഗസ്റ്റ് 19 മുതൽ റിക്ടർ സ്കെയിലിൽ 3.4 തീവ്രത വരെ രേഖപ്പെടുത്തിയ ഭൂചലന പരമ്പരകൾ തുടർച്ചയായി ഉണ്ടാവുകയും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ഭൂകമ്പത്തിന്റെ ആഘാതത്തിൽ ദൈവാലയങ്ങൾക്ക് ചെറിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഗ്രനാഡ അൽച്ചരൂപത അറിയിച്ചു. പ്രഥമ ദൃഷ്ടിയിൽ കെട്ടിടങ്ങളുടെ പ്രധാന ഘടനയ്ക്ക് വലിയ ആഘാതമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും, കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് അടച്ചിടൽ.
കത്തീഡ്രലിലും മറ്റ് ചരിത്രപ്രധാന ദൈവാലയങ്ങളിലും ആർക്കിടെക്റ്റുകളും സിവിൽ എഞ്ചിനീയർമാരും അടങ്ങുന്ന സാങ്കേതിക സംഘം വിശദമായ സുരക്ഷാ പരിശോധനകൾ നടത്തിവരികയാണ്. മുകളിൽ നിന്ന് കല്ലുകളോ നിർമ്മാണ അവശിഷ്ടങ്ങളോ അടർന്നുവീണ് വിശ്വാസികൾക്ക് അപകടമുണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് ആരാധനകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്.
പരിശോധനകൾ പൂർത്തിയാക്കി കെട്ടിടങ്ങളുടെ സുരക്ഷിതത്വം പൂർണ്ണമായും ഉറപ്പാക്കിയ ശേഷം മാത്രമേ ദൈവാലയങ്ങൾ വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കൂ എന്ന് രൂപതാ അധികൃതർ വ്യക്തമാക്കി.




