
സഹവൈദികരുമായുള്ള സമ്പർക്കത്തിലും ശുശ്രൂഷാ ജീവിതത്തിലും ഫലശൂന്യമായ ഭയങ്ങൾക്കോ അനാവശ്യ ആവേശങ്ങൾക്കോ വഴങ്ങരുതെന്ന് പോർച്ചുഗലിലെ കത്തോലിക്കാ വൈദികരോട് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. പോർച്ചുഗലിൽ സംഘടിപ്പിച്ച പതിനൊന്നാമത് വൈദിക സിമ്പോസിയത്തിൽ പങ്കെടുത്ത വൈദികർക്ക് അയച്ച സന്ദേശത്തിലാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സഭയുടെയും സമൂഹത്തിന്റെയും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ യാഥാർഥ്യങ്ങളെ ശരിയായ ഉൾക്കാഴ്ചയോടെ കാണാൻ വൈദികർ തയ്യാറാകണമെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. സമൂഹത്തിലും സഭയിലും ഉണ്ടാകുന്ന പുതിയ മാറ്റങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഉണ്ടാകുന്ന അനാവശ്യ ഭീതികൾ വൈദികരുടെ ശുശ്രൂഷയെ നിഷ്ഫലമാക്കും. അതേസമയം, കാര്യങ്ങളെ ആഴത്തിൽ വിശകലനം ചെയ്യാതെയുള്ള നിഷ്കളങ്കമായ ആവേശവും അപകടകരമാണ്. ഇതിനു രണ്ടിനും മധ്യേ ദൈവീക വിവേകത്തിന്റെ പാത തിരഞ്ഞെടുക്കണമെന്ന് മാർപാപ്പ ഉപദേശിച്ചു.
“വൈദികർ തങ്ങളുടെ സഹപ്രവർത്തകരോടും വിശ്വാസികളോട് പെരുമാറുമ്പോൾ ഓരോ വ്യക്തിയുടെയും അന്തസ്സിന് പ്രഥമ പരിഗണന നൽകണം. പരസ്പരബന്ധങ്ങളിൽ വ്യക്തതയുള്ളതും വിഭജനങ്ങൾ ഒഴിവാക്കുന്നതുമായ ഭാഷ ഉപയോഗിക്കണം. വിമർശനങ്ങൾക്ക് പകരം സത്യസന്ധമായ സംഭാഷണങ്ങൾക്ക് വഴിതുറക്കണം. വൈദിക ഗണങ്ങൾക്കിടയിലെ ഐക്യം ശക്തമാക്കുകയും പരസ്പര പിന്തുണയോടെ സഭാ ശുശ്രൂഷകൾ മുന്നോട്ട് കൊണ്ടുപോകുകയും വേണം”- പാപ്പ ആഹ്വാനം ചെയ്തു.




