
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ലൈംഗിക ചൂഷണത്തിനും അതിക്രമങ്ങൾക്കും ഇരയാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ സംഘടനയായ യുണിസെഫ് (UNICEF) വ്യക്തമാക്കി. 21 രാജ്യങ്ങളിലെ ഇന്റർനെറ്റ് ഉപയോഗിക്കുന്ന കുട്ടികൾക്കിടയിൽ നടത്തിയ പുതിയ പഠനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഒരു വർഷത്തിനിടെ ഏകദേശം രണ്ട് കോടി കുട്ടികളാണ് ഓൺലൈൻ ലൈംഗികാതിക്രമത്തിന് ഇരയായത്.
ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ 12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ അഞ്ചിൽ ഒരാളിൽ കൂടുതൽ പേരും (20 ശതമാനത്തിലധികം) സർവേയ്ക്ക് തൊട്ടുമുമ്പുള്ള വർഷത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമങ്ങൾ നേരിട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സർവേ നടത്തിയ രാജ്യങ്ങളിൽ ഏകദേശം 1.5 കോടി കുട്ടികൾ അനാവശ്യമായ ലൈംഗിക ഉള്ളടക്കങ്ങൾക്ക് ഇരയായി. ഒമ്പത് ലക്ഷം കുട്ടികൾ ലൈംഗിക സംഭാഷണങ്ങൾക്കോ ചിത്രങ്ങൾ പങ്കുവയ്ക്കാനോ ഉള്ള സമ്മർദത്തിന് വിധേയരായി. നാല് ലക്ഷം കുട്ടികളുടെ ലൈംഗിക ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെട്ടു. കെനിയ, പാകിസ്ഥാൻ, ബ്രസീൽ, സെർബിയ തുടങ്ങിയ 21 രാജ്യങ്ങളിലെ ഏകദേശം 21,000 കുട്ടികളെ ഉൾപ്പെടുത്തി 2020നും 2025നും ഇടയിൽ ശേഖരിച്ച ദേശീയ പ്രതിനിധി സർവേകളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്.
റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമങ്ങളിൽ ഭൂരിഭാഗവും (ഏകദേശം 60 ശതമാനത്തോളം) നടന്നിരിക്കുന്നത് ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ്. 14% അതിക്രമങ്ങൾ ഓൺലൈൻ ഗെയിമിംഗിലൂടെയാണ് നടന്നത്. കുട്ടികൾ നേരിട്ട അതിക്രമങ്ങളിൽ പകുതിയിലേറെയും കുട്ടികൾക്ക് നേരത്തെ അറിയാവുന്ന സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരിൽ നിന്നാണ് ഉണ്ടായത്. എന്നാൽ 38% കുട്ടികളും കുറ്റവാളികളെ ആദ്യമായി കണ്ടുമുട്ടിയത് ഓൺലൈൻ വഴിയാണ്.




