
ഇപ്പോൾ ഇസ്ലാമിക തീവ്രവാദം മിഡിൽ ഈസ്റ്റിൽനിന്നും ആഫ്രിക്കൻ രാജ്യങ്ങളിലേക്കു മാറിയതായി പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. പൊന്തിഫിക്കൽ സംഘടനയായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് ആഫ്രിക്കൻ രാജ്യങ്ങളായ ബുർക്കിനാ ഫാസോ, നൈജീരിയ, മൊസാംബിക് തുടങ്ങിയ സ്ഥലങ്ങളിലെ വർധിച്ചുവരുന്ന ആക്രമണങ്ങളെ മുൻനിർത്തിക്കൊണ്ടു നടത്തിയ പഠനങ്ങളുടെ റിപ്പോർട്ടാണ് പുറത്തുവിട്ടത്.
പെർസിക്യൂട്ടഡ് ആന്റ് ഫോർഗോട്ടൺ (Persecuted and Forgotten) എന്ന പുതിയ പതിപ്പിൽ പൊന്തിഫിക്കൽ ചാരിറ്റി വെളിപ്പെടുത്തിയ റിപ്പോർട്ടുകളിൽ ഒന്നാണിത്. ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ദ്വൈവാർഷിക വിലയിരുത്തലിലാണ് 2022-24 ൽ വിശ്വാസത്തെപ്രതി അടിച്ചമർത്തപ്പെടുന്ന ക്രൈസ്തവവരെക്കുറിച്ചുള്ള റിപ്പോർട്ട്.
ചൈന, എറിത്രിയ, ഇന്ത്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെയുള്ള ‘സ്വേച്ഛാധിപത്യ’ ഭരണകൂടങ്ങൾ അടിച്ചമർത്തൽ നടപടികൾ ശക്തമാക്കിയാതായി പഠനത്തിൽ പറയുന്നു. അവർ ഭരണകൂടത്തിന്റയോ, പ്രാദേശികസമൂഹത്തിന്റെയോ ശത്രുക്കളായി ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട് കണ്ടെത്തി. ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങളെയും അടിച്ചമർത്തുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ, പുതിയ നിയമനിർമാണങ്ങളെയാണ് ആയുധമാക്കുന്നത്.
കൂടാതെ, തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം, നിർബന്ധിത വിവാഹം, നിർബന്ധിത മതപരിവർത്തനം എന്നിവയ്ക്ക് വിധേയരായ ക്രിസ്ത്യൻകുട്ടികൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്കുനേരെ ഭീഷണികൾ വർധിച്ചുവരികയാണ്.
ആഫ്രിക്കൻ രാജ്യങ്ങളായ ബുർക്കിന ഫാസോ, ഈജിപ്ത്, എറിത്രിയ, മൊസാംബിക്ക്, നൈജീരിയ, സുഡാൻ എന്നീ രാജ്യങ്ങളെയാണ് റിപ്പോർട്ട് പ്രത്യേകം പരാമർശിച്ചത്. അവയിൽ ചില സ്ഥലങ്ങളിൽ അസ്വസ്ഥജനകമായ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
“ഇദ്ലിബ്, സിറിയ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ജിഹാദി തീവ്രവാദം കുറയുന്നുണ്ട്. ഈ മേഖലയിലെ ഭരണകൂട അധികാരികൾ അക്രമാസക്തമായ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെ അടിച്ചമർത്തുന്നതിൽ കാര്യമായ മുന്നേറ്റം നടത്തി. എന്നാൽ, ബുർക്കിന ഫാസോ, നൈജീരിയ, മൊസാംബിക്ക് തുടങ്ങിയ സ്ഥലങ്ങളിൽ, ക്രിസ്ത്യാനികൾക്കെതിരെ തീവ്രവാദ അക്രമങ്ങൾ വർധിച്ചുവരുകയാണ്” – റിപ്പോർട്ട് പറയുന്നു.
2022-2024 റിപ്പോർട്ടിലെ പുതിയ കണ്ടെത്തലുകൾ
ഇന്ത്യയിൽ 2023 ൽ, ക്രിസ്ത്യാനികൾക്കെതിരായ 720 ആക്രമണങ്ങളോ, മറ്റു പീഡനങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 599 ആയിരുന്നു. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം തടവിലാക്കിയത് പതിനായിരത്തോളം ആളുകളെയാണ്. സിറിയയിൽ, 2011 ൽ ആഭ്യന്തരയുദ്ധം ആരംഭിക്കുന്നതിനുമുമ്പ് ക്രിസ്ത്യൻസമൂഹം 1.5 ദശലക്ഷത്തിലധികമായിരുന്നു. ഇന്ന് ഇവിടെ ക്രിസ്ത്യാനികൾ 2,50,000 ൽ താഴെ മാത്രമാണ്. ഇറാനിൽ, തടവിലാക്കപ്പെട്ട ക്രിസ്ത്യാനികളുടെ കേസുകൾ 2021 ൽ 59 ആയിരുന്നത് 2023 ൽ 166 ആയി ഉയർന്നു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ. എസ്. ഐ. എസ്.)ന്റെ ക്രൂരമായ ഭരണകാലത്ത് ക്രിസ്ത്യൻ ജനസംഖ്യ കുത്തനെ ഇടിഞ്ഞ ഇറാഖിൽ, ക്രിസ്ത്യാനികൾ ഇപ്പോൾ 2,00,000 ൽ താഴെ ആളുകളാണ്. അത് രാജ്യത്തെ 41 ദശലക്ഷം പൗരന്മാരിൽ 0.46% മാത്രമാണ് ക്രിസ്ത്യൻസമൂഹം ഉള്ളത്.
2024 ലെ ആഗോള ഭീകരവാദ സൂചികയിൽ നൈജീരിയ എട്ടാം സ്ഥാനത്താണ്. മിഡിൽ ബെൽറ്റിലെ മിലിറ്റന്റ് ഫുലാനി വിമതർ പതിവായി കൂട്ടക്കൊലകളും മറ്റ് അക്രമാസക്തമായ അതിക്രമങ്ങളും നടത്തി. ക്രിസ്ത്യാനികൾക്കെതിരെ ആനുപാതികമല്ലാത്ത ആക്രമണങ്ങൾ നടത്തി. ഉത്തര കൊറിയയിൽ, ക്രിസ്ത്യാനിയായി തിരിച്ചറിയപ്പെടുകയോ, ക്രിസ്തുമതത്തിലോ, ബൈബിളിലോ താൽപര്യം കാണിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയും ഭരണകൂടത്തിന്റെ ശത്രുവായി കണക്കാക്കപ്പെടും.
പാക്കിസ്ഥാനിൽ 1987 നും 2022 നുമിടയിൽ 2,120 വ്യക്തികൾ ദൈവനിന്ദാകുറ്റം ചുമത്തപ്പെട്ടതായി റിപ്പോർട്ട് കണ്ടെത്തി. സൗദി അറേബ്യയിൽ, ഇസ്ളാമിൽനിന്ന് ക്രിസ്തുമതത്തിലേക്കു മാറുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. മതം മാറിയവർക്ക് ദുരഭിമാനക്കൊലകൾ നേരിടേണ്ടിവരും. ബുർക്കിന ഫാസോയിൽ രണ്ടു ദശലക്ഷത്തിലധികം ആളുകൾ – രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 10% – നടന്നുകൊണ്ടിരിക്കുന്ന ഇസ്ലാമികകലാപം കാരണം പലായനം ചെയ്യപ്പെട്ടു.
85 പള്ളികൾ ഉൾപ്പെടെ 200 ലധികം ആരാധനാലയങ്ങൾ നശിപ്പിച്ചതായി ബർമീസ് സൈന്യം ആരോപിക്കുന്നു. എറിത്രിയയിൽ, 2024 ജൂൺ വരെ ഏകദേശം 400 ക്രിസ്ത്യാനികൾ അവരുടെ വിശ്വാസത്തിന്റെപേരിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്.




