‘ഇവിടെ കാണുന്നത് ഹൃദയം തകർക്കുന്ന കാഴ്ച’ – പാക്കിസ്ഥാനിൽ നിന്നും ഐറിഷ് മിഷനറി വൈദികൻ

“വെള്ളപ്പൊക്ക ദുരന്തത്തിന്റെ വ്യാപ്തി ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അവശ്യസാധനങ്ങൾ പോലുമില്ലാതെ വഴിയരികിൽ കഴിയുന്ന ജനത്തിന്റെ ദുരിതപൂർണ്ണമായ ജീവിതം ഹൃദയം തകർക്കുന്ന കാഴ്ചയാണ്” – പാക്കിസ്ഥാനിൽ മിഷനറി പ്രവർത്തനത്തിൽ ഐറിഷ് വൈദികൻ ഫാ. ലിയാം ഒ കാലഗന്റെ വാക്കുകളാണ് ഇത്. പാക്കിസ്ഥാന്റെ മൂന്നിലൊന്ന് ജനത്തെയും ബാധിച്ച വെള്ളപ്പൊക്കം, മഴ അവസാനിച്ചിട്ടും ദുരന്തങ്ങളും വേദനയും മാത്രമാണ് അവശേഷിപ്പിച്ചിരിക്കുന്നത്.

“യാഥാർത്ഥ്യം ഞെട്ടിക്കുന്നതാണ്. റോഡുകൾ, പാലങ്ങൾ, റെയിൽവേ ലൈനുകൾ, സ്‌കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്നിരിക്കുകയാണ്. എവിടെ നിന്ന് തുടങ്ങാൻ പറ്റുമെന്ന ആശങ്കയിലാണ് ഞങ്ങൾ. എല്ലാം ശരിയാകാൻ, പഴയതുപോലെ ആകാൻ വർഷങ്ങളെടുക്കും. പ്രളയത്തിനു മുൻപ് ആറു മാസത്തെ തീവ്ര കാലാവസ്ഥയും കാലാവസ്ഥാ അരാജകത്വവും ഇവിടെ ഉണ്ടായിരുന്നു. മഴ കുറവുള്ള മാർച്ച് മാസം ഏറ്റവും ചൂടേറിയ മാസങ്ങളിൽ ഒന്നായിരുന്നു. അതിനെ തുടർന്ന് കനത്ത മൺസൂൺ മഴ പെയ്തു, വടക്കുഭാഗത്ത് ഹിമാനികൾ ഉരുകി നദികൾ നിറഞ്ഞു” – ഫാ. ലിയാം ഒ കാലഗൻ പറയുന്നു.

“കൊളംബൻസ് ജോലി ചെയ്യുന്ന സിന്ധ് പ്രവിശ്യയിൽ സ്ഥിതി ഇപ്പോഴും ഗുരുതരമാണ്. പ്രവിശ്യയുടെ ഭൂരിഭാഗവും ഇപ്പോൾ വെള്ളത്തിനടിയിലാണ്. കണ്ണെത്താ ദൂരത്തോളം തടാകത്തിലേക്ക് നോക്കുന്നതു പോലെയാണ് ചിലയിടങ്ങളിൽ. ഒപ്പം ജലജന്യമായ പകർച്ചവ്യാധികളും മറ്റു രോഗങ്ങളും മൂലം ഇവർ വലയുകയാണ്. ശരിയായ ചികിത്സ നൽകാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്” – അദ്ദേഹം വിവരിക്കുന്നു. ഏകദേശം 2 ദശലക്ഷം ഏക്കർ കൃഷി ചെയ്ത വിളകൾ നശിച്ചു, ദശലക്ഷക്കണക്കിന് കന്നുകാലികൾ നശിച്ചു. ഇത് വരുംമാസങ്ങളിൽ ഭക്ഷ്യക്ഷാമത്തിനും ഭക്ഷ്യവിലക്കയറ്റത്തിനും ഇടയാക്കുമെന്നും വൈദികൻ ചൂണ്ടിക്കാട്ടുന്നു.

1998 മുതൽ പാക്കിസ്ഥാനിൽ സേവനം ചെയ്തുവരുന്ന വ്യക്തിയാണ് ഫാ. ലിയാം ഒ കാലഗൻ. രാജ്യം മുഴുവൻ ദുരിതമനുഭവിക്കുമ്പോൾ തെക്കുപടിഞ്ഞാറുള്ള സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത് എന്ന് ഈ വൈദികൻ വെളിപ്പെടുത്തുന്നു. ഒപ്പം അടിസ്ഥാന അവശ്യസാധനങ്ങൾ ഇപ്പോഴും ഇവിടെ ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.