സഭയ്ക്കും മാർപാപ്പയ്ക്കും വേണ്ടി പ്രാർഥിക്കാൻ ഇന്ന് അന്താരാഷ്ട്ര മിഷനറി ജപമാല

കത്തോലിക്കാ സഭ ഒക്ടോബർ 18 ഞായറാഴ്ച നൂറാമത് ആഗോള മിഷൻ ദിനം ആഘോഷിക്കുകയാണ്. ഇതിനോടനുബന്ധിച്ച് ഒക്ടോബർ 17 ശനിയാഴ്ച നടക്കുന്ന അന്താരാഷ്ട്ര മിഷൻ ജപമാല പ്രാർഥനയിലൂടെ ലെയോ പതിനാലാമൻ മാർപാപ്പയെയും സഭയുടെ ദൗത്യത്തെയും പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃസഹജമായ സംരക്ഷണത്തിന് ഭരമേൽപ്പിക്കും.

റോം സമയം ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പ്രാർഥനകൾ ആരംഭിക്കും. പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്നത്. ‘ക്രിസ്തുവിൽ ഒന്നായി, മിഷനിൽ ഒന്നിച്ച്’ (One in Christ, United in Mission) എന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നടക്കുന്ന ഈ കൂട്ടായ്മ, ലോകമെമ്പാടുമുള്ള സഭയുടെ സുവിശേഷവത്കരണ ദൗത്യത്തിനും അതുപോലെതന്നെ മാർപാപ്പയുടെ ആരോഗ്യത്തിനും രോഗസൗഖ്യത്തിനുമായുള്ള പ്രാർഥനയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

1926 മുതൽ എല്ലാ വർഷവും ഒക്ടോബറിലെ അവസാന ഞായറാഴ്ചയ്ക്ക് തൊട്ടുമുമ്പുള്ള ഞായറാഴ്ച ആഘോഷിച്ചുവരുന്ന ലോക മിഷൻ ദിനത്തിന്റെ ശതാബ്ദിയാണ് ഈ വർഷം കുറിക്കുന്നത്. സുവിശേഷം പ്രചരിപ്പിക്കുന്നതിനും മിഷനറിമാരെ പിന്തുണയ്ക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത പുതുക്കാൻ ഇത് എല്ലാ കത്തോലിക്കരെയും പ്രോത്സാഹിപ്പിക്കുന്നു.

സഭ ആഗോള മിഷൻ ദിനത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ, ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർഥന കൂടി ഉൾപ്പെടുത്തിയതോടെ അന്താരാഷ്ട്ര മിഷനറി ജപമാലയ്ക്ക് കൂടുതൽ പ്രാധാന്യം കൈവന്നിരിക്കുന്നു. സുവിശേഷവത്കരണത്തിനായുള്ള ഡിസ്ട്രിക്റ്ററിയുടെ പ്രൊ-പ്രിഫെക്റ്റായ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ ജപമാല പ്രാർഥനയ്ക്ക് നേതൃത്വം നൽകും.

റോമിലെ പൊന്തിഫിക്കൽ ഉർബനിയാന സർവകലാശാല കാമ്പസിൽ സ്ഥിതി ചെയ്യുന്നതും സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് അഭിമുഖമായി നിൽക്കുന്നതുമായ ഇന്റർനാഷണൽ സെന്റർ ഫോർ മിഷനറി ആനിമേഷൻ (CIAM) ടെറസിലാണ് ജപമാല പ്രാർഥനയ്‌ക്കായി ഒത്തുചേരുക.

ഇപ്പോൾ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി ഫോർ ദി പ്രൊപഗേഷൻ ഓഫ് ദി ഫെയ്ത്ത് എന്നറിയപ്പെടുന്ന പ്രസ്ഥാനത്തിന്റെ അന്നത്തെ നാഷണൽ ഡയറക്ടറായിരുന്ന വാഴ്ത്തപ്പെട്ട ഫുൾട്ടൺ ജെ. ഷീൻ 1951 ഫെബ്രുവരിയിലാണ് മിഷനറി ജപമാല സ്ഥാപിച്ചത്. വ്യക്തിപരമായ ആവശ്യങ്ങളെ മാത്രമല്ല, മുഴുവൻ മനുഷ്യവംശത്തിന്റെയും ലോകമെമ്പാടുമുള്ള സഭയുടെ സുവിശേഷവത്കരണ ദൗത്യത്തിന്റെയും ആവശ്യങ്ങളെ ഉൾക്കൊള്ളാനും ഹൃദയങ്ങളെയും പ്രാർഥനകളെയും വിശാലമാക്കാനുമാണ് ഇത് രൂപീകരിച്ചത്.

മഹിമയുടെ രഹസ്യങ്ങൾ ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, ഓഷ്യാനിയ, ഏഷ്യ എന്നീ അഞ്ച് ഭൂഖണ്ഡങ്ങൾക്കായി സമർപ്പിക്കും. സാർവത്രിക സഭയുടെ വൈവിധ്യം ആഘോഷിച്ചുകൊണ്ട്, ഓരോ ഭൂഖണ്ഡത്തിനും രണ്ട് പ്രാദേശിക ഭാഷകളിലായി 50 നന്മ നിറഞ്ഞ മറിയമേ ചൊല്ലും. ഓരോ രഹസ്യവും ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ പ്രാർഥിക്കും.

ദാരിദ്ര്യവും സംഘർഷങ്ങളും സാംസ്കാരിക വെല്ലുവിളികളും നിറഞ്ഞ പ്രദേശങ്ങളിൽ സുവിശേഷം പ്രഘോഷിക്കുന്നതിനായി സ്വന്തം മാതൃരാജ്യവും കുടുംബങ്ങളും പരിചിതമായ സാഹചര്യങ്ങളും ഉപേക്ഷിച്ചു പോകുന്ന മിഷനറിമാർക്കായി പ്രത്യേക പ്രാർഥനകൾ അർപ്പിക്കും. ഈ പ്രാർഥനാ ചടങ്ങുകൾ വിവിധ പ്ലാറ്റ്‌ഫോമുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനാൽ ലോകമെമ്പാടുമുള്ള ആളുകൾക്ക് ആത്മീയമായി പ്രാർഥനയിൽ പങ്കുചേരാൻ സാധിക്കും.

സഭ ലോക മിഷൻ ദിനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ, മാർപാപ്പയെയും മിഷനറിമാരെയും സാർവത്രിക സഭയെയും പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃസഹജമായ സംരക്ഷണത്തിന് ഭരമേൽപ്പിച്ചുകൊണ്ട് ഐക്യം, സുവിശേഷവത്കരണം, സേവനം എന്നിവയോടുള്ള പ്രതിബദ്ധത ഈ കൂട്ടായ്മ പുതുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.