
ആഗോള കത്തോലിക്കാ സഭ മിഷൻ ഞായർ ആചരിക്കുന്ന ഇന്ന് നമ്മുടെ സുവിശേഷവത്ക്കരണ പ്രവർത്തനങ്ങൾക്കുള്ള പ്രതിബദ്ധത പുതുക്കുന്ന ദിനം കൂടിയാണ്. കൂടാതെ നമ്മുടെ പ്രാർഥനയിലൂടെയും സാമ്പത്തിക സഹായങ്ങളിലൂടെയും സഭയുടെ വിവിധ മിഷനറി പ്രവർത്തനങ്ങളിൽ നാം സജീവമാകാനും പരിശ്രമിക്കുന്നു.
സഭ നിലനിൽക്കുന്നത് ക്രിസ്തുവിന്റെ രക്ഷാകര സന്ദേശം ലോകം മുഴുവൻ അറിയിക്കുക എന്ന മഹനീയദൗത്യം നിർവഹിക്കുന്നതിനു വേണ്ടിയാണ്. ഇത് ശിഷ്യന്മാരെ അവിടുന്ന് ഭരമേൽപിച്ച ഉത്തരവാദിത്വത്തിന്റെ തുടർച്ചയാണ്. ഇക്കാരണത്താലാണ് ‘സഭ സ്വഭാവത്താൽ തന്നെ പ്രേഷിതയാണ്’ എന്ന് (Ad Gentes 2) രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്നത്. മാമോദീസ സ്വീകരിച്ച എല്ലാ ക്രിസ്തീയവിശ്വാസികളുടെയും വിളിയുടെ ഭാഗമാണ് സുവിശേഷം പ്രസംഗിക്കുക എന്നത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറയുന്നു: “രക്ഷ എല്ലാവർക്കും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതിനാൽ, അത് എല്ലാവർക്കും സംലഭ്യമാക്കുക എന്നത് നമ്മുടെ കടമയാണ്” (Redemptoris Missio 10). ക്രിസ്തുവിന്റെ സ്നേഹം ഇതുവരെ അറിയാൻ ഭാഗ്യം ലഭിക്കാത്തവർക്ക് അവിടുത്തെ അടുത്തറിയുന്നതിനുള്ള അവകാശമുണ്ട്.
നമ്മുടെ ജീവിതസാഹചര്യങ്ങളിലും തൊഴിൽമേഖലകളിലും സുവിശേഷം ജീവിക്കുന്നതിനും പ്രസംഗിക്കുന്നതിനും കടമയുണ്ടെന്നും ഈ ദിവസം നമ്മെ അനുസ്മരിപ്പിക്കുന്നു. ആധുനിക ലോകത്തിലെ വെല്ലുവിളികളെ ക്രിസ്തീയശൈലിയ്ക്കനുസരണം നേരിടുന്നതിന് വരുംതലമുറയെ പരിശീലിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നതിന് നമുക്ക് സാധിക്കണം. നമ്മുടെ ജീവിതം നമുക്കായി മാത്രമുള്ളതല്ല. അത് ഒന്നാമതായി ദൈവത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്നതാണ്. കാരണം, അവിടുന്ന് ജീവൻ നൽകി, വലിയ ഉത്തരവാദിത്വം നൽകി, ഈ ലോകത്തിൽ നമ്മളായിരിക്കുന്ന സ്ഥലങ്ങളിൽ നിയോഗിച്ചിരിക്കുന്നതാണ്. നമ്മുടെ കഴിവുകളും ജീവിതകൃപകളും മറ്റുള്ളവരുമായി പങ്കിടാൻ കഴിയുമ്പോൾ മാത്രമാണ് ജീവിതത്തിന്റെ അർഥവും ലക്ഷ്യവും നാം കണ്ടെത്തുന്നത്. നമുക്കു ചുറ്റുമുള്ള എല്ലാവർക്കും നാം ഒരു അനുഗ്രഹമാകുമ്പോൾ ദൈവം നമ്മെ കൂടുതൽ അനുഗ്രഹിക്കും.
ഫാ. മാത്യു ചാര്ത്താക്കുഴിയില്




