ലെയോ പാപ്പയ്ക്ക് കത്തെഴുതി കാൻസർ ബാധിതരായ കുട്ടികൾ

ഒക്ടോബർ 13 ന് വിജയകരമായി പൂർത്തിയായ ശ്വാസകോശ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയോ പതിനാലാമൻ മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്. അതേസമയം, ഇതേ ആശുപത്രിയിലെ ഓങ്കോളജി വാർഡിലെ കുട്ടികൾ പാപ്പയ്ക്ക് കത്തുകളും ചിത്രരചനകളും അയച്ചു നൽകിയിരിക്കുകയാണ്. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഈ സന്ദേശങ്ങളുടെയും ചിത്രരചനകളുടെയും ചിത്രങ്ങൾ പുറത്തുവിട്ടു. കൂടാതെ, കുട്ടികൾ തങ്ങളുടെ രോഗാവസ്ഥയുടെയും പ്രതീക്ഷയുടെയും അനുഭവങ്ങൾ പാപ്പയുമായി പങ്കുവയ്ക്കുകയും ചെയ്തു.

ഏഴു വയസ്സുകാരനായ ആഞ്ചലോ ഒരു മാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലാണ്. താൻ ലെച്ചെ പ്രവിശ്യയിലെ തൗരിസാനോയിൽ നിന്നാണ് വരുന്നതെന്നും, തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം മാർപാപ്പയെപ്പോലെ താനും ആശുപത്രിയുടെ പത്താം നിലയിലാണ് കഴിയുന്നതെന്നും അവൻ തന്റെ കത്തിൽ വ്യക്തമാക്കി.

“ഞാനും എന്റെ അമ്മയും എല്ലാ വൈകുന്നേരവും അങ്ങേക്ക് വേണ്ടി പ്രാർഥിക്കാറുണ്ട്. അങ്ങ് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.” കുഞ്ഞ് ആഞ്ചലോ പറയുന്നു. ഇലകൊഴിയാൻ തുടങ്ങുന്ന ഒരു മരവും, പുൽമേടും, പ്രകാശപൂരിതമായ സൂര്യന് താഴെ ആകാശത്തിലൂടെ പറക്കുന്ന നിരവധി പക്ഷികളും അടങ്ങിയ ഒരു ചിത്രവും അവൻ മാർപാപ്പയ്ക്ക് അയച്ചു നൽകി.

ഇറ്റാലിയൻ-ചിലിയൻ കുടുംബത്തിൽ നിന്നുള്ള എലിയനോറ, ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ന്യൂറോ സർജറി, ഓങ്കോളജി വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തങ്ങളുടെ മകൾ ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയാണെന്ന് അവളുടെ അമ്മ മരിയ ഗ്രാസിയേല സ്പാനിഷ് ഭാഷയിലെഴുതിയ കത്തിൽ വ്യക്തമാക്കി.

“വിശ്വാസത്തിന് മലകളെപ്പോലും മാറ്റാനാകും,” അവർ കുറിച്ചു. അസീസിയിലെ വിശുദ്ധ ഫ്രാൻസിസ്, ഫാത്തിമ മാതാവ്, റാഫേൽ മാലാഖ എന്നിവരുടെ മാധ്യസ്ഥതയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് “ദൈവം ഞങ്ങളുടെ പ്രാർഥനകൾ കേട്ടു” എന്നും അവർ കൂട്ടിച്ചേർത്തു. ദൈവവും പരിശുദ്ധ കന്യകാമറിയവും കാവൽ മാലാഖമാരും ചേർന്ന് പാപ്പയെ സംരക്ഷിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ആ കത്ത് അവസാനിക്കുന്നു.

18 വയസ്സുള്ള ജോർജിയ ഇംഗ്ലീഷിലാണ് പരിശുദ്ധ പിതാവിന് കത്തെഴുതിയത്. തന്റെ ലോകം എങ്ങനെ തലകീഴായി മറിഞ്ഞുവെന്നും സ്വന്തം ആരോഗ്യത്തിന് മുൻഗണന നൽകുന്നതിനു വേണ്ടി താൽകാലികമായി തനിക്ക് തന്റെ സ്വപ്നങ്ങൾ മാറ്റിവയ്‌ക്കേണ്ടി വന്നെന്നും അവൾ അതിൽ വിശദീകരിച്ചു. എങ്കിലും ഈ അനുഭവത്തിലൂടെ, പരിചരിക്കപ്പെടുന്നതിനും സുഖം പ്രാപിക്കാനുള്ള അവസരം ലഭിച്ചതിനും നന്ദിയുള്ളവളായിരിക്കാൻ താൻ പഠിച്ചുവെന്ന് അവൾ കത്തിൽ സൂചിപ്പിച്ചു.

രോഗം തന്നെ നല്ല രീതിയിലും മോശം രീതിയിലും എങ്ങനെ മാറ്റിയെന്നും, ഒരിക്കൽ നിസ്സാരമായി കണ്ട കാര്യങ്ങൾക്ക് ഇപ്പോൾ എത്രത്തോളം പുതിയ മൂല്യം കൈവന്നുവെന്നും അവൾ പങ്കുവച്ചു. “എല്ലാ കാര്യങ്ങളിലും എന്തെങ്കിലും നല്ലത് കണ്ടെത്താൻ കഴിയുമെന്ന് ആളുകൾ പറയുന്നത് സത്യമാണെന്ന് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു,” അവൾ എഴുതി.

“വാർത്തകളിൽ അങ്ങയെക്കുറിച്ചും അങ്ങയുടെ അവസ്ഥയെക്കുറിച്ചും കേട്ടപ്പോൾ അത് എനിക്ക് ആയിരം മടങ്ങ് വേദനയായി അനുഭവപ്പെട്ടു. കാരണം ഒരർഥത്തിൽ നമ്മൾ രണ്ടുപേരും ഒരേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അത് എന്നെ അങ്ങയോട് കൂടുതൽ അടുപ്പമുള്ളവളാക്കി മാറ്റി.” ജോർജിയ കത്തിലൂടെ വെളിപ്പെടുത്തി.

അവസാനമായി, രണ്ടുപേർക്കും രോഗസൗഖ്യം ലഭിക്കുന്നതിനായി ദൈവത്തോട് പ്രാർഥിക്കുന്നുവെന്ന് പറഞ്ഞ ജോർജിയ, തനിക്കൊപ്പം പ്രാർഥിക്കാൻ മാർപാപ്പയോട് അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.