വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ നൊവേന: അഞ്ചാം ദിനം ഒക്ടോബർ 18

ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി മഹാനായ വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാളാണ്. നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചു മരണമടഞ്ഞ ആ പുണ്യാത്മാവ് നമ്മുടെ പ്രിയപ്പെട്ട വിശുദ്ധനാണ്. ആ വിശുദ്ധന്റെ തിരുനാളിനൊരുക്കമായുള്ള നൊവേന പ്രാർത്ഥന.

അഞ്ചാം ദിനം (ഒക്ടോബർ 18): ദൈവഹിതത്തിനു കീഴ്വഴങ്ങാൻ എന്നും ശ്രമിച്ച വി. ജോൺ പോൾ രണ്ടാമൻ പാപ്പ

1978 ഒക്ടോബർ 16 നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ മഹനീയമായ അനുസരണത്തോടും പൂർണ്ണഹൃദയത്തോടും കൂടി ദൈവഹിതം അദ്ദേഹം സ്വീകരിച്ചു.

“എന്റ നാഥനായ ക്രിസ്തുവിന്റെ വിശ്വാസത്തിനു മുമ്പിലുള്ള എന്റെ അനുസരണം വഴി, എന്നെത്തന്നെ ക്രിസ്തുവിന്റെ അമ്മയായ മറിയത്തിനും സഭയ്ക്കും സമർപ്പിക്കുക വഴി, ബോധ്യത്തോടെ ഈ വലിയ ഉത്തരവാദിത്വം ഞാൻ സ്വീകരിക്കുന്നു.” പാപ്പായ്ക്കടുത്ത ഉത്തരവാദിത്വം സ്വീകരിച്ചു കൊണ്ടു പറഞ്ഞ ഈ വാക്കുകൾ ദൈവഹിതത്തിനു മുമ്പിലുള്ള അവാച്യമായ കീഴടങ്ങലായി സഭ മനസ്സിലാക്കുന്നു.

പ്രാർത്ഥന

എന്റെ യേശുവേ എന്നെക്കുറിച്ചുള്ള ദൈവഹിതം സദാസമയവും വിവേച്ചറിയാനും അവയ്ക്കനുസൃതം പ്രവർത്തിക്കാനും എന്നെ സഹായിക്കണമേ. അതു വഴി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെപ്പോലെ യഥാർത്ഥ ആനന്ദം ഞാൻ കണ്ടെത്തട്ടെ. നിന്റെ കൃപയിലും നന്മയിലും ആശ്രയിച്ചു പാപ്പയുടെ മധ്യസ്ഥതയാൽ ഇപ്പോൾ പ്രത്യാശപൂർവ്വം അപേക്ഷിക്കുന്ന ഈ അനുഗ്രഹം (നിയോഗം പറയുക) എനിക്കു സാധിച്ചു തരണമേ. ആമ്മേൻ

1 സ്വർഗ്ഗസ്ഥനായ പിതാവേ. 1 നന്മ നിറഞ്ഞ മറിയമേ. 1 ത്രിത്വ സ്തുതി.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയോടുള്ള ലുത്തിനിയ

കർത്താവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ക്രിസ്തുവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
കർത്താവേ, ഞങ്ങളോടു കരുണയായിരിക്കണമേ
ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന ദയാപൂർവ്വം കേൾക്കണമേ

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ലോകരക്ഷിതാവായ പുത്രനായ ദൈവമേ, ഞങ്ങളോടു കരുണയായിരിക്കണമേ.
പരിശുദ്ധാത്മാവായ ദൈവമേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ, ഞങ്ങളോടു കരുണയായിരിക്കണമേ.

എളിമയുടെ നിറകുടമായ വി. ജോൺ പോൾ പാപ്പായേ,
                                       ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
സുവിശേഷവത്കരണ ചൈതന്യമായ വി. ജോൺ പോൾ പാപ്പായേ,
ക്രിസ്തുവിന്റെ അനുഗാമിയായ വി. ജോൺ പോൾ പാപ്പായേ,
ക്രിസ്തുവിന്റെ ആരാധനകനായ വി. ജോൺ പോൾ പാപ്പായേ,
ദൈവഹിതം നിറവേറ്റുന്നതിനു സ്വയം സമർപ്പിച്ച വി. ജോൺ പോൾ പാപ്പായേ,
കുരിശുകൾ ക്ഷമയോടെ വഹിച്ച വി. ജോൺ പോൾ പാപ്പായേ,
സത്യത്തിന്റെ സ്നേഹിതനായ വി. ജോൺ പോൾ പാപ്പായേ,
മറിയത്തിന്റെ വിശ്വസ്ത പുത്രനായ വി. ജോൺ പോൾ പാപ്പായേ,
സ്വർഗ്ഗത്തിന്റെ പൗരനായ വി. ജോൺ പോൾ പാപ്പായേ,

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ