
ജൂൺ അവസാനത്തോടെ കാണാതായ ബിഷപ്പ് അബെലാർഡോ മാത്തയുടെ നിലവിലെ അവസ്ഥയെക്കുറിച്ചും എവിടെയാണെന്നതിനെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവിടണമെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് നിക്കരാഗ്വൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. “ജൂൺ 29-ന് തടവിലാക്കപ്പെട്ട 80 വയസ്സുള്ള ബിഷപ്പ് മാത്തയുടെ അവസ്ഥയെക്കുറിച്ചോ എവിടെയാണെന്നതിനെക്കുറിച്ചോ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ലാത്തത് ഉൾപ്പെടെ, കത്തോലിക്കാ സഭയ്ക്കും മറ്റ് മതവിഭാഗങ്ങൾക്കും നേരെ നടക്കുന്ന അടിച്ചമർത്തലുകളിൽ ഞാൻ ആശങ്കാകുലനാണ്,”- ജൂലൈ 22-ന് ഹൈക്കമ്മീഷണർ വ്യക്തമാക്കി.
“ഏകപക്ഷീയമായി തടങ്കലിൽ വച്ചിരിക്കുന്ന എല്ലാവരെയും ഉടൻ മോചിപ്പിക്കണമെന്നും, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരം നിക്കരാഗ്വയ്ക്കുള്ള ബാധ്യതകൾക്ക് അനുസൃതമായി എല്ലാ തടവുകാരോടും മാനുഷികമായും അന്തസ്സോടെയും പെരുമാറുന്നുവെന്ന് ഉറപ്പാക്കണമെന്നും ഞാൻ അധികാരികളോട് അഭ്യർഥിക്കുന്നു,” ടർക്ക് പറഞ്ഞു. എസ്റ്റെലിയിലെ ബിഷപ്പ് എമരിറ്റസ് മാത്തയെ വിശുദ്ധ കുർബാനയിൽ നിക്കരാഗ്വയിൽ പീഡനം അനുഭവിക്കുന്ന സഭയ്ക്കായി പ്രാർഥിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം വീട്ടിലുണ്ടെന്നാണ് സ്വേച്ഛാധിപത്യ ഭരണകൂടം അവകാശപ്പെടുന്നതെങ്കിലും നിലവിൽ അദ്ദേഹത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.
മൊൺസിഞ്ഞോർ അബെലാർഡോ മാത്തയെ ഡോക്ടറെ കാണിക്കാൻ അനുവദിക്കണമെന്ന് മധ്യ അമേരിക്കയിലെ ബിഷപ്പുമാർ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമേഹം, കാഴ്ച പ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നതും ഹൃദ്രോഗം മൂലം പേസ്മേക്കർ ഉപയോഗിക്കുന്നതുമായ 80 വയസ്സുള്ള ബിഷപ്പിന്റെ ആരോഗ്യസ്ഥിതിയിൽ വിവിധ പ്രമുഖർ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.




