
ഭരണകൂടത്തിന്റെ പിന്തുണയോടെ ഒഡീഷയെ ക്രൈസ്തവ ദൈവാലയങ്ങളില്ലാത്ത ഒരു സംസ്ഥാനമാക്കി മാറ്റാൻ നീക്കം നടക്കുന്നതായി ആരോപണം. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ക്രൈസ്തവർക്കും ദൈവാലയങ്ങൾക്കുമെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങളുടെയും നീക്കങ്ങളുടെയും പശ്ചാത്തലത്തിൽ ‘യുസിഎ ന്യൂസ്’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഒഡീഷയിലെ നബരംഗ്പൂർ (Nabarangpur) ജില്ലയിലടക്കം വിവിധ ഗ്രാമങ്ങളിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന പ്രാർഥനാ ഹാളുകളും പള്ളികളും മാറ്റണമെന്ന ആവശ്യവുമായി പ്രാദേശിക സംഘങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ ഗ്രാമങ്ങളിലെ പവിത്രമായ സ്ഥലങ്ങൾക്ക് സമീപം പ്രവർത്തിക്കുന്ന പള്ളികൾ പൊളിച്ചുമാറ്റണമെന്നും അല്ലെങ്കിൽ ഗ്രാമത്തിന് പുറത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ സജീവമായി മാറിയിരിക്കുകയാണ് ഇവിടെ.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഞായറാഴ്ച പ്രാർഥനകൾ തടസ്സപ്പെടുത്തുകയും ചിലയിടങ്ങളിൽ പള്ളികൾ ബലമായി പൂട്ടിയിടുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആക്രമണങ്ങൾക്കും ഭീഷണികൾക്കും ഇരയാകുന്ന ക്രൈസ്തവർ പൊലീസിൽ പരാതി നൽകിയാലും, പിന്നീട് ഗ്രാമസഭകളുടെയും ഭരണകൂടത്തിന്റെയും ഇടപെടലിലൂടെ പരാതികൾ പിൻവലിപ്പിക്കാൻ സമ്മർദം ചെലുത്തുന്നതായ വിവരങ്ങളും വിശ്വാസികൾ പങ്കുവയ്ക്കുന്നു.
സംസ്ഥാനത്ത് വർഷങ്ങളായി സമാധാനപൂർവം ജീവിച്ചുപോരുന്ന തങ്ങൾക്ക് മേൽ ഭരണകൂടത്തിന്റെയും തീവ്രവലതുപക്ഷ സംഘടനകളുടെയും ഭാഗത്തുനിന്ന് നേരിട്ട് സമ്മർദം നേരിടേണ്ടി വരുന്നുവെന്നാണ് ക്രൈസ്തവ വിശ്വാസികളും പ്രാദേശിക നേതാക്കളും വ്യക്തമാക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും നേരേയുള്ള കടന്നുകയറ്റമാണിതെന്നും, ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെടുന്നു.




