
സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ മണിമലയാർ വീണ്ടും കരകവിഞ്ഞൊഴുകുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ നാലാം തവണയാണ് മണിമലയാർ ഇത്രയധികം പ്രളയഭീതി പരത്തുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ നദി അപകടകരമാം വിധം ഉയർന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
കല്ലൂപ്പാറ പ്രളയമാപിനിയിൽ ഇന്നലെ ജലനിരപ്പ് 8.7 മീറ്ററിലെത്തി. 2018-ലെ മഹാപ്രളയ കാലത്ത് 9.64 മീറ്റർ ആയിരുന്നു ഇവിടത്തെ ഉയർന്ന ജലനിരപ്പ്. എന്നാൽ അന്നത്തേക്കാൾ വലിയ ദുരിതമാണ് നദി ഇപ്പോൾ തീരവാസികൾക്ക് സമ്മാനിച്ചിരിക്കുന്നത്. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലെ പ്രധാന റോഡുകളായ മല്ലപ്പള്ളി-കോഴഞ്ചേരി, തിരുവല്ല-കുമ്പഴ, എംസി റോഡ്, കല്ലൂപ്പാറ-മല്ലപ്പള്ളി റോഡ് ഉൾപ്പെടെ നൂറോളം റോഡുകൾ വെള്ളത്തിനടിയിലാണ്. ഇതേതുടർന്ന് ഈ മേഖലയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പ്രളയജലത്തിന് സുഗമമായി ഒഴുകി പോകാൻ കഴിയാത്തതാണ് പ്രധാന പ്രശ്നം. നദിയുടെ കൈവഴികളായ പല തോടുകളും അപ്രത്യക്ഷമായതും കൈത്തോടുകൾ അടച്ചുപൂട്ടിയതും പാടശേഖരങ്ങൾ നികത്തിയതുമാണ് വെള്ളം പെട്ടെന്ന് ഉയരാൻ കാരണം. നിലവിലെ സാഹചര്യത്തിൽ നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.




